മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രത്തിൽ നിന്നും പിന്മാറി വിജയ് സേതുപതി

ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രം 800 ൽ നിന്നും വിജയ് സേതുപതി പിന്മാറിയതായി റിപ്പോർട്ട്. തമിഴ്‌നാട്ടിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്നും പിന്മാറിയത്. മുത്തയ്യ മുരളീധരൻ്റെ ആവശ്യപ്രകാരമാണ് താരം പിന്മാറിയത്. മുരളീധരൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ കൂടി പങ്കുവെച്ചത്.

ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ‘800’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനിരിക്കെയാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്നും പിന്മാറിയത്. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ടുതന്നെയാണ് ചിത്രത്തിന് 800 എന്ന് പേരുവന്നിരിക്കുന്നതും.

അതേസമയം വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കാൻ മുത്തയ്യ മുരളീധരൻ ഉടൻ എത്തുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി അറിയിച്ചിരുന്നു. എന്നാൽ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്നും, അദ്ദേഹം സിനിമയോട് ചേർന്ന് പ്രവർത്തിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. വിജയ് സേതുപതി തന്നെ അവതരിപ്പിക്കാൻ വെള്ളിത്തിരയിൽ എത്തുന്നുവെന്നത് ഏറെ അഭിമാനമുള്ള കാര്യമാണെന്ന് മുരളീധരനും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഡിസംബറിൽ ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരണം പ്ലാൻ ചെയ്തിരുന്നത്.

Srory Highlights: vijay sethupathi backs out from muraleedharan