കപ്പേള തെലുങ്ക് റീമേക്കിൽ പ്രധാന കഥാപാത്രമായി അനിഘ സുരേന്ദ്രൻ

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’. അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ നായികാ നായകന്മാരാക്കി ഒരുക്കിയ ‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തിൽ അന്ന ബെന്നിന്റെ റോളിലെത്തുന്നത് അനിഘ സുരേന്ദ്രനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ അനിഘ നായികയാകുന്ന ആദ്യ ചിത്രമായിരിക്കും ഇത്. മലയാളത്തിൽ റോഷന്‍ മാത്യുവും, ശ്രീനാഥ് ഭാസിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിക്കുന്നത് വിശ്വക് സെന്നും നവീന്‍ ചന്ദ്രയുമാകും എന്നാണ് സൂചന. സിത്താര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുസ്തഫ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് കപ്പേള. അതേസമയം മുഹമ്മദ് മുസ്തഫയ്‌ക്കൊപ്പം നിഖില്‍ വാഹിസ്, സുദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അന്ന ബെന്നിനും റോഷനുമൊപ്പം ശ്രീനാഥ്‌ ഭാസിയും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: മിന്നിമറയുന്ന ഭാവാഭിനയം; ശ്രദ്ധനേടി ജയസൂര്യയുടെ ‘സണ്ണി’ ടീസർ

കഥാസ് അൺടോൾഡ് ആണ് ചിത്രത്തിന്റെ നിർമാണം. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കാലിക പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

Story Highlights: Anikha surendran to play the lead in kappela telugu