പത്ത് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക്; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് ധന്യ മേരി വർഗീസ്

മലയാളികൾക്ക് സുപരിചിതയാണ് ധന്യ മേരി വർഗീസ്. നായികയായും സഹനടിയായും വെള്ളിത്തിരയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ധന്യ മേരി വർഗീസ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ‘കാണെക്കാണെ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് തിരികെ എത്തുന്നത്. ധന്യ മേരി വർഗീസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ആഷിക് അബു ഒരുക്കിയ മായാനദിയ്ക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരാകുന്ന പുതിയ ചിത്രമാണ് ‘കാണെക്കാണെ’. മനു അശോകനാണ് ചിത്രം ഒരുക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ‘ഉയരെ’ക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം ടൊവിനോ തോമസിന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ടൊവിനോ തോമസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘കള’. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നാരദൻ’. ചിത്രം സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നാരദൻ’. 

Story Highlights: dhanya mary varghese back to big screen