ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്; നിത്യയെക്കുറിച്ച് സംവിധായിക

കുറഞ്ഞ് കാലയളവുകൊണ്ടുതന്നെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് നിത്യ മേനോൻ. അഭിനയത്തിലെ മികവും ലുക്കിലെ ലാളിത്യവുമെല്ലാം നിത്യയെ പ്രേക്ഷകരുടെ ഇഷ്ടനായികയാക്കി മാറ്റുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഇപ്പോഴിതാ വിജയ് സേതുപതിക്കൊപ്പം നിത്യ മേനോൻ അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് താരം.

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ’ 19 (1)(എ)’ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ലൊക്കേഷനിൽ നിന്നുള്ള രസകരമായ ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നിത്യയെക്കുറിച്ചുള്ള സംവിധായിക ഇന്ദുവിന്റെ പോസ്റ്റാണ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്. നിത്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ പെൺകുട്ടി സൂപ്പർ പൊളിയാണ് എന്നാണ് ഇന്ദു കുറിച്ചത്. ഇതിന് പുറമെ ലൊക്കേഷനിൽ നിന്നും പാട്ടുപാടുന്ന നിത്യയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 1994 ൽ പുറത്തിറങ്ങിയ ‘ഡ്യുയറ്റ്’ എന്ന ചിത്രത്തിലെ എൻ കാതലേ’ എന്ന ഗാനമാണ് നിത്യ മേനോൻ ആലപിച്ചത്.

19 (1)(എ)യിൽ ഇന്ദ്രജിത് സുകുമാരനും ഇന്ദ്രൻസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also:സുലൈ ‘ഐ മിസ് യു’; മലപ്പുറത്തുകാരൻ മറഡോണയുടെ പ്രിയസുഹൃത്തായി മാറിയ കഥ, കുറിപ്പ്

മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. അതേസമയം വെള്ളിത്തിരയിൽ ഏറെ തിരക്കുള്ള വിജയ് സേതുപതിയും ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. 

അതേസമയം കോളാമ്പി, ആറാം തിരുകൽപ്പന, ഗമനം, ‘നിന്നിലാ നിന്നിലാ’ തുടങ്ങിയ ചിത്രങ്ങളാണ് നിത്യ മേനോന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story Highlights:director indu share photo with nithya menen