ട്രഡീഷ്ണൽ ലുക്കിൽ അതീവ സുന്ദരിയായി ജാൻവി; ശ്രദ്ധേയമായി ചിത്രങ്ങൾ

താരറാണി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ പൊതുവേദികളിൽ വസ്ത്രധാരണം കൊണ്ടും ഫാഷൻ വൈവിധ്യംകൊണ്ടും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ട്രഡീഷ്ണൽ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞ്ഞസാരിയിൽ അതീവസുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ഫാഷൻ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

വെള്ളിത്തിരയിൽ ഒരുപിടി ചിത്രങ്ങളുമായി തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു ജാൻവി. ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ‘ധടക്’ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ശശാങ്ക് ഖൈയ്ത്താര്‍ സംവിധാനം ചെയ്ത ചിത്രം, മറാത്തി സൂപ്പര്‍ ഹിറ്റ് ചിത്രം സൈറാത്തിന്റെ റീമേയ്ക്കാണ്. ധടകിന്റെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവി സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ച് കടന്നു പോയത്.

ജാൻവിയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രമാണ് ‘ഗുഞ്ജന്‍ സക്‌സേന; ദ കാർഗിൽ ഗേൾ’. കാർഗിൽ യുദ്ധത്തിൽ വ്യോമസേനാ പൈലറ്റായി പങ്കെടുത്ത ഗുഞ്ജന്‍ സക്സേനയുടെ ജീവിതകഥ പങ്കുവയ്ക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജാൻവി കപൂർ ഗുഞ്ജന്‍ സക്‌സേനയായി വേഷമിടുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠിയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖ സംവിധായകൻ ശരൺ ശർമ്മ സംവിധാനം ചെയ്ത ചിത്രം ലോക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

രാജ്കുമാർ റാവു പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ‘റൂഹി അഫ്സ’യിലും ജാൻവി അഭിനയിക്കുന്നുണ്ട്. ഹൊറർ-കോമഡി ചിത്രമായ ‘റൂഹി അഫ്സ’യിൽ ജാൻ‌വി ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. കാർത്തിക് ആര്യന്റെ നായികയായി ‘ദോസ്താന 2’ ലും ജാൻവി വേഷമിടുന്നു. അതിനൊപ്പം തന്നെ കരൺ ജോഹർ ഒരുക്കുന്ന പീരിയഡ് ഡ്രാമയായ തക്ത് എന്ന ചിത്രത്തിലും താരം ഭാഗമാകുന്നുണ്ട്.

അതേസമയം മലയാളത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ‘ഹെലൻ’ ബോളിവുഡിലേക്ക് എത്തുമ്പോൾ ചിത്രത്തിൽ ഹെലനായി വേഷമിടുന്നത് ജാൻവി ആണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Read also;‘സൂരരൈ പോട്രി’ലെ മിനിറ്റുകൾ മാത്രമുള്ള പൈലറ്റിനെ കണ്ടെത്തി സോഷ്യൽ മീഡിയ; വർഷ നായരുടെ വിശേഷങ്ങൾ

ഇന്ത്യൻ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച  താരറാണിയായിരുന്നു  ശ്രീദേവി. അകാലത്തിൽ പൊലിഞ്ഞുപോയ ഇഷ്ട താരത്തിന്റെ മകളെയും ഏറെ സ്നേഹത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചിരിക്കുന്നത്.

Story Highlights: janhvi kapoor in yellow saree