ഹൃദയംതൊടുന്ന സംഗീതം, കണ്ണുനിറച്ച് ജയസൂര്യ; ശ്രദ്ധനേടി ‘വെള്ള’ത്തിലെ ഗാനം

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വെള്ളം’. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിശ്വനാഥനാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിജിബാലാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്ത ഭാവത്തിലുള്ള ജയസൂര്യയുടെ ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും ധരിച്ച് മദ്യകുപ്പിയുമായി നടന്നു വരുന്ന കഥാപാത്രമാണ് പോസ്റ്ററില്‍ പ്രത്യക്ഷമാകുന്നത്. ‘മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്‍’ എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവെച്ചത്.

കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ ജീവിതത്തില്‍ നടന്ന ചില യാഥാര്‍ത്ഥ സംഭവങ്ങളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also:‘വെള്ളി നിലാ തുള്ളികളോ’; മലയാളികളുടെ പ്രിയഗാനത്തിന് മനോഹരമായൊരു കവർ വേർഷൻ, ശ്രദ്ധനേടി സംഗീത വീഡിയോ

മുപ്പതോളം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രമാണ് വെള്ളം. ജയസൂര്യയ്ക്ക് പുറമെ സംയുക്താ മേനോന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, മിഥുന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Jayasurya Prajesh Sen Vellam Oru Kuri Kandu Naam song