തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഏറെ കൗതുകം ഉണർത്തുന്നത്. മഹേഷ് ബാബുവിന്റെ ചിത്രത്തിലാണ് കീർത്തി നായികയായി വേഷമിടുന്നത്.
സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി നായികയായി വേഷമിടുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത്. അടുത്ത വർഷം ആദ്യമായിരിക്കും കീർത്തി സുരേഷ് ചിത്രത്തിൽ ജോയിൻ ചെയ്യുക. സംഗീത സംവിധാനം എസ് എസ് തമൻ, പി എസ് വിനോദ് ഛായാഗ്രാഹണം, മാര്‍ത്താണ്ഡ് കെ വെങ്കടേഷ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കീർത്തി നായികയാകുന്ന ‘മിസ് ഇന്ത്യ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത മനസ എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസ് ചെയ്യാൻ ഉള്ളത്.
രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻതാര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്. ‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി. തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.
Story Highlights: keerthy suresh speaks about mahesh babu film