‘ലളിതമായ ജോലികൾ നിങ്ങളെ എളിയവനാക്കുമ്പോൾ’; ‘നിഴൽ’ സെറ്റിലെ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഴൽ. ഇപ്പോഴിതാ സിനിമ ലൊക്കേഷനിലെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.’ഏറ്റവും ലളിതമായ ജോലികള്‍ നിങ്ങളെ എളിയവനാക്കുമ്പോള്‍, ഒരു പേപ്പര്‍ സ്റ്റിക്കര്‍ കൊടുത്ത പണി’ എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിലത്ത് ഒട്ടിപ്പിടിച്ചു കിടന്ന ഒരു സ്റ്റിക്കര്‍ പറിച്ചുമാറ്റാൻ ശ്രമിക്കുന്ന നടനെയാണ് വീഡിയോയിൽ കാണുന്നത്.

എഡിറ്ററായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് നിഴല്‍. നയന്‍താരയാണ് ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയായെത്തുന്നത്.എസ് സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു ഭട്ടതിരിയും അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത്.

അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ‘പട’, ‘മറിയം ടെയ്‌ലേഴ്‌സ്’, ‘ഗിർ’, മോഹൻകുമാർ ഫാൻസ്’‌ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ ഇനി വേഷമിടുന്നത്. താരത്തിന്റേതായി ചിത്രീകരണം പൂർത്തിയായ സിനിമയാണ് നായാട്ട്. ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് നായാട്ടിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

Story highlights: Kunchacko Boban shares Nizhal location video