ദീപാവലിക്ക് ‘മാസ്റ്റർ’ ടീസർ എത്തുന്നു

വിജയ് നായകനാകുന്ന മാസ്റ്റർ തമിഴ് സിനിമാലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പ്രതിസന്ധി കാരണം നീളുകയാണ്. ഇപ്പോഴിതാ, നവംബർ 14 ന് മാസ്റ്റർ ടീസർ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ക്ഷമയ്ക്കും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി!’ ടീസർ പുറത്തുവിടുന്നതായി വിജയും വിജയ് സേതുപതിയും ഒരേ ഫ്രെയിമിലുള്ള പുതിയ പോസ്റ്ററിനൊപ്പം ലോകേഷ് ട്വീറ്റ് ചെയ്തു. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്,ശന്തനു എന്നിവരും വേഷമിടുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് അഭിനയിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം നേരിടുന്ന റീലീസ് കാലതാമസത്തെക്കുറിച്ച് ആരാധകർ നിരാശരാണെങ്കിലും, തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ്. ‘മാസ്റ്റർ’ തിയേറ്റർ റിലീസ് തന്നെയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

Read More: ‘ജോലിക്ക് പോകുന്നതും കോളേജിൽ പോകുന്നതുപോലെ’- രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ

‘മാസ്റ്റർ’ ഒരു ഗ്യാങ്‌സ്റ്റർ ചിത്രമായാണ് എത്തുന്നത്. ചിത്രം മുൻപ് നേരിട്ട് ഓടിടിയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും നിർമാതാക്കൾ ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

Story highlights- master movie teaser release date