‘ദൃശ്യം 2’ പൂർത്തിയാക്കി ദുബായിലേക്ക് പറന്ന് മോഹൻലാൽ- ഇനി ആക്ഷൻ ത്രില്ലറിലേക്ക്

സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2’ ന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. എല്ലാ കൊവിഡ് പ്രോട്ടോക്കോളും അനുസരിച്ച് ഒരുക്കിയ ചിത്രം പൂർത്തിയായ സന്തോഷം സംവിധായകൻ പങ്കുവെച്ചിരുന്നു. 56 ദിവസത്തെ ഷൂട്ടിംഗ് 46 ദിവസംകൊണ്ട് പൂർത്തിയാക്കിയതായാണ് ജീത്തു ജോസഫ് പങ്കുവെച്ചത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിന് പിന്നാലെ നടൻ മോഹൻലാൽ ദുബായിലേക്ക് യാത്രയായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായി ഷെഡ്യൂൾ ബ്രേക്ക് ഇല്ലാതെ തുടർച്ചയായി ചിത്രീകരണത്തിലായിരുന്നു മോഹൻലാൽ. ലോക്ക് ഡൗണിന് ശേഷം മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദൃശ്യം 2. ദുബായിൽ രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ.

അഞ്ച് കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം, ഷൂട്ടിംഗിനിടെ വളരെയധികം മുൻകരുതലുകൾ എടുത്തിരുന്നു. അഭിനേതാക്കളും അണിയറപ്രവർത്തകരും ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷം, പരിശോധന നടത്തിയിരുന്നു. പിനീടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അതോടൊപ്പം തന്നെ ദിവസേന പരിശോധന നടത്തിയിരുന്നു. കൊച്ചി, തൊടുപുഴ എന്നിവടങ്ങളിലായിരുന്നു ദൃശ്യം 2 ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

Read More: ‘ഓം ശാന്തി ഓം’ സിനിമയുടെ പതിമൂന്നാം വാർഷികം; ട്വിറ്ററിൽ ശാന്തിപ്രിയയായി ദീപിക പദുക്കോൺ

ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു.

Story highlights- Mohanlal heads to Dubai