‘അണ്ടെ സുന്ദരാനികി’- നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ എത്തി

നസ്രിയ നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ. ‘അണ്ടെ സുന്ദരാനികി’ എന്നാണ് നാനി നായകനായെത്തുന്ന ചിത്രത്തിന്റെ പേര്. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്.

മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയ തന്നെയായിരുന്നു പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ‘എന്റെ അടുത്ത ചിത്രം.. ഇതെന്റെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ്. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെയധികം ആവേശഭരിതയാണ്’ നസ്രിയ കുറിക്കുന്നു.

നാനിയെയും നസ്രിയയെയും ‘ഡ്രീം കോംബോ’ എന്ന് വിശേഷിപ്പിച്ചാണ് വിവേക് ​​ആത്രേയ ചിത്രം പ്രഖ്യാപിച്ചത്. ‘ഈ ദീപാവലിക്ക് ഞങ്ങളുടെ തെലുങ്ക് ചലച്ചിത്ര കുടുംബത്തിന് ഒരു പുതിയ അതിഥി ഉണ്ട്, നമുക്ക് നസ്രിയ ഫഹദിനെ സ്വാഗതം ചെയ്യാം’ എന്നാണ് വിവേക് ആത്രേയ കുറിച്ചിരിക്കുന്നത്.

Read More: അങ്കത്തട്ടിൽ ആവേശം വിതറി പ്രിയനായിക; ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദിയിൽ മഞ്ജു വാര്യർ

ഷൂട്ടിംഗ് ഷെഡ്യൂളിന് പുറമെ ബാക്കി അഭിനേതാക്കളുടെയും ക്രൂവിന്റെയും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കും. സംവിധായകൻ ശിവ നിർവാണ, ഋതു വർമ്മ, ഐശ്വര്യ രാജേഷ് എന്നിവർക്കൊപ്പം നാനി ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്.

Story highlights- nazriya and nani telugu movie