ഫഹദും നസ്രിയയും മൊറോക്കോയിൽ; ചിത്രങ്ങൾ പങ്കുവെച്ച് താരം

February 2, 2023

മലയാളികൾ നെഞ്ചോടേറ്റിയ താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കൾ കൂടിയായ ഇരുവർക്കും വലിയ ആരാധക വൃന്ദമാണുള്ളത്. സമൂഹമാധ്യമങ്ങളിൽ നസ്രിയ പങ്കുവെയ്ക്കാറുള്ള ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ മൊറോക്കോയിലേക്കുള്ള യാത്രയ്ക്കിടയിൽ ഇരുവരും എടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 2023 ലെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്ന് കുറിച്ച് കൊണ്ടാണ് നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം ഫഹദ് ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനുമൊപ്പം ചേർന്ന് നിർമ്മിച്ച ‘തങ്കം’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിക്കൊണ്ട് തിയേറ്ററുകളിൽ മികച്ച വിജയം നേടുകയാണ്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ സിനിമയുടെ സംവിധാനം സഹീദ് അറാഫത്താണ് നിർവ്വഹിച്ചിരിക്കുന്നത്. ജനുവരി 26 നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തൃശൂരിലെ സ്വർണ്ണ കച്ചവടവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ ഡേവിഡ്, ശ്രീകാന്ത് മുരളി, കലൈയരസൻ തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു നിമിഷം പോലും ശ്രദ്ധ തെറ്റാതെ കണ്ടിരിക്കാൻ കഴിയുന്ന സിനിമയെന്നാണ് തിയേറ്ററുകളിൽ നിന്നിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Read More: മലയാളികളെ റോക്ക് സംഗീതം കേൾപ്പിച്ച 20 വർഷങ്ങൾ; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന് രുചി പകരാൻ അവിയലും

ബിജി ബാല്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് മിക്സിങ് തപസ് നായക്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ എന്നിവരാണ്.

Story Highlights: Fahad and nazriya morocco pics