മലയാളികളെ റോക്ക് സംഗീതം കേൾപ്പിച്ച 20 വർഷങ്ങൾ; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന് രുചി പകരാൻ അവിയലും

February 1, 2023

കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈക്കൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

കഴിഞ്ഞ 20 വർഷങ്ങളായി മലയാള സ്വതന്ത്ര സംഗീതത്തെ ലോകമെങ്ങും അടയാളപ്പെടുത്തി കൊണ്ടിരിക്കുകയാണ് ‘അവിയൽ.’ ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ അവിയൽ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്‌തി നേടിക്കൊടുത്തത്. രാജ്യത്തുടനീളം നിരവധി ലൈവ് ഷോകളും കൺസേർട്ടുകളും അവതരിപ്പിച്ച് സംഗീത സാമ്രാട്ട് ഏ.ആർ റഹ്‌മാൻ അടക്കമുള്ള സംഗീതജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് അവിയൽ.

നിരവധി അന്തർദേശീയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അവിയൽ സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, സെക്കൻഡ് ഷോ അടക്കമുള്ള ചിത്രങ്ങളിൽ ഗാനങ്ങൾ ചെയ്‌തിട്ടുണ്ട്‌. ബാൻഡിലെ ഗിത്താറിസ്റ്റായ റെക്‌സ് വിജയൻ മലയാള സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ്. ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ ആവേശം നിറയ്ക്കാൻ അവിയൽ എത്തുന്നത് കാത്തിരിക്കുകയാണ് കോഴിക്കോട്.

Read More: കോഴിക്കോടിന്റെ മണ്ണിൽ നവരസം ആടാൻ ‘തൈകൂടം ബ്രിഡ്‌ജ്‌’; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഫെബ്രുവരി 9 ന്

അതേ സമയം കോഴിക്കോട് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ’ അവിയലും തൈകൂടം ബ്രിഡ്‌ജും ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: Avial will perform at calicut