‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ ഫീച്ചർ ഫിലിം’ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്കർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രവേശനമായി തിരഞ്ഞെടുക്കപ്പെടുന്ന ‘ഗുരു’, ‘ആദാമിന്റെ മകൻ അബു’ എന്നിവയ്ക്ക് ശേഷം മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ചിത്രമാണ് ‘ജല്ലിക്കെട്ട്’.

ദേശീയ തലത്തിൽ അഭിനന്ദനങ്ങൾ നേടുകയാണ് ജല്ലിക്കെട്ട്. പുതിയ തുടക്കം എന്നാണ് നടൻ പൃഥ്വിരാജ് ജല്ലിക്കെട്ടിന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ മുഴുവൻ ടീമിനും താരം അഭിനന്ദനം അറിയിച്ചു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ‘മലയാള സിനിമയ്ക്ക് അഭിമാനകരമായ നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. തമിഴ് സിനിമാ സംവിധായകൻ സെൽവരാഘവനും ചിത്രത്തിന് അഭിനന്ദനം അറിയിച്ചു. നടന്മാരായ ഇന്ദ്രജിത്ത് സുകുമാരൻ, വിനയ് ഫോർട്ട്, ജോജു ജോർജ്, മഞ്ജു വാര്യർ തുടങ്ങി നിരവധി പേർ ‘ജല്ലിക്കെട്ട്’ ടീമിനെ അഭിനന്ദിച്ചു. ബോളിവുഡിൽ നിന്നും കങ്കണ റണൗത്തും ചിത്രത്തിന് പ്രശംസ അറിയിച്ചു.

Read More: ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

ആന്റണി വർഗ്ഗീസ് പെപെ, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ , ശാന്തി ബാലചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് ജല്ലിക്കെട്ട്. എസ് ഹരീഷിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഓ തോമസ് പണിക്കർ ചിത്രം നിർമ്മിച്ചു. ഗിരീഷ് ഗംഗാധരനാണ് ക്യാമറ, ദീപു ജോസഫാണ് എഡിറ്റർ . അതേസമയം, 93-ാമത് അക്കാദമി അവാർഡുകൾ 2021 ഏപ്രിൽ 25 ന് ലോസ് ഏഞ്ചൽസിൽ നടക്കും.

Story highlights- stars congratulate ‘Jallikattu’ team