അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

November 26, 2020

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്. ഉദാഹരണത്തിന് കറിയിൽ എരിവ് കൂടിയാൽ എന്തുചെയ്യും, ഉപ്പ് കൂടിപ്പോയാൽ എന്തുചെയ്യും എന്നൊക്കെ. ഇതിന് പുറമെ അടുക്കളയിലെ വസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാനും ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

കറിയിൽ എരിവോ എണ്ണയോ അധികമായാൽ, ഒരു കഷ്ണം റൊട്ടി എടുത്ത് അല്പം വെള്ളത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക, ഇവ എണ്ണയും എരിവും വലിച്ചെടുക്കും. ഇനി കറിയിൽ എരിവ് കുറയ്ക്കാൻ അല്പം പാൽ പൊടിയും ചേർക്കാവുന്നതാണ്. ഇത് എരിവ് കുറഞ്ഞ് കിട്ടുന്നതിനൊപ്പം കറിയ്ക്ക് കൊഴുപ്പും നൽകും.

കറിക്കുള്ള ഗ്രേവിയിൽ ഉപ്പു കൂടിപ്പോയാൽ, ഒന്നോ രണ്ടോ ഉരുള ഗോതമ്പുമാവ് കുഴച്ചത് ഇട്ടു തിളപ്പിക്കുക. പിന്നീട് ഈ ഗോതമ്പ് മാവ് എടുത്ത് കളയുക. പനീർ കറിയിൽ ചേർക്കും മുമ്പ് അവ പൊടിഞ്ഞുപോകാതിരിക്കാൻ വെളളത്തിലിട്ടു തിളപ്പിക്കുക. സവാള മുറിക്കുന്നതിന് അര മണിക്കൂർ മുമ്പ്, ഫ്രി‍ഡ്ജിൽ വയ്ക്കുക. പിന്നീടു മുറിച്ചാൽ, കണ്ണിൽ നിന്നു വെള്ളം വരില്ല.

അടുക്കളയിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് മുളക് പൊടി. മുളകുപൊടി സ്വന്തമായി ഉണ്ടാക്കുന്നവരും നിരവധിയാണ്. എന്നാൽ ദീർഘനാൾ മുളക് പൊടി കേടുവരാതെ സൂക്ഷിക്കുന്നതിനായി പൊടിയിൽ അല്‍പം കായം ഇട്ടാല്‍ മതി. നമ്മള്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണ കുറച്ച് നാളു കഴിയുമ്പോഴേയ്ക്കും കനച്ചു പോകാറുണ്ട്. പിന്നീട് ആ വെളിച്ചെണ്ണ ഉപയോഗിക്കാനും പറ്റില്ല. എന്നാൽ വെളിച്ചെണ്ണ കനച്ചുപോകാതിരിക്കാൻ അതിൽ രണ്ട് മണി കുരുമുളക് ഇട്ട് വെച്ചാല്‍ മതി. എങ്ങനെയൊക്കെ അടച്ചു സൂക്ഷിച്ചാലും നമ്മുടെ കണ്ണ് വെട്ടിച്ച് പഞ്ചസാര ടിന്നില്‍ ഉറുമ്പുകള്‍ കയറിക്കൂടാറുണ്ട്. എന്നാൽ ഇതിനുമുണ്ട് ലളിതമായ പരിഹാരം. പഞ്ചസാര പാത്രത്തിൽ രണ്ട് ഗ്രാമ്പു ഇട്ടുവെച്ചാൽ ഇവയിൽ ഉറുമ്പ് കയറില്ല.

Read also: മാസ്‌ക് അണിഞ്ഞ് കൊവിഡ് മേക്കോവറിൽ ചോക്ലേറ്റ് സാന്റ; ശ്രദ്ധനേടി ചിത്രങ്ങൾ

മീൻ അല്ലെങ്കിൽ ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കഴുകി വൃത്തിയാക്കി കറിവെക്കാൻ പാകത്തിന് ആക്കിയ മീൻ ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കിയ ശേഷം ഇത് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഫ്രിഡ്ജിൽവെച്ചശേഷം ആവശ്യാനുസരണം ഇവ എടുത്ത് ഉപയോഗിക്കാം. അല്ലെങ്കിൽ കഴുകി വൃത്തിയാക്കി മുറിച്ചെടുത്ത മീൻ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് തേച്ചുപിടിപ്പിച്ച ശേഷം ബോക്സിൽവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കിയ ശേഷം ബോക്സുകളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പച്ചക്കറികൾ ഉപയോഗിക്കുന്ന കാര്യത്തിലും ഏറെ കരുതൽ ആവശ്യമാണ്. ആദ്യം കേടുവരാൻ സാധ്യതയുള്ള തക്കാളി പോലുള്ള പച്ചക്കറികൾ ആദ്യം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കറിവേപ്പില ഇതൾ അടർത്തി കവറുകളിൽ ആക്കി സൂക്ഷിക്കാം. അല്ലെങ്കിൽ ഇവ തണ്ടോടെ വെള്ളത്തിൽ മുക്കി വയ്ക്കാം, ആവശ്യാനുസരണം ഇതൾ അടർത്തി എടുക്കാം. ഫ്രിഡ്ജുകളിൽ വയ്ക്കാത്ത പച്ചക്കറികൾ തണുപ്പുള്ള നിലത്ത് നിരത്തി ഇടാനും ശ്രദ്ധിക്കുക.

Story Highlights:Useful Tips for Kitchen