വിജയ്‌യെ കാണാൻ കൊതിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം- ആഗ്രഹം സഫലമാക്കി നടൻ

ചെന്നൈയിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വരുൺ ചക്രവർത്തി വലിയ വിജയ് ആരാധകനാണ്. അടുത്തിടെ അദ്ദേഹം കയ്യിൽ പച്ചകുത്തിയത് വളരെയധികം ചർച്ചയായിരുന്നു. കാരണം തെന്നിന്ത്യൻ താരം വിജയ്‌യുടെ രൂപമായാണ് ഈ പച്ചകുത്തൽ പലർക്കും തോന്നിയത്. ഇപ്പോഴിതാ, പ്രിയതാരത്തെ നേരിട്ട് കണ്ടുമുട്ടിയിരിക്കുകയാണ് വരുൺ ചക്രവർത്തി.

വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വരിയാണ് വരുൺ ചക്രവർത്തി കുറിച്ചിരിക്കുന്നത്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിലെ പോസ്റ്റർ അനുസ്മരിപ്പിക്കുംവണ്ണമാണ് ഇരുവരുടെയും ചിത്രം.

ചെന്നൈയില്‍ വിജയ്‍യുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്‍ച നടന്നത്. വിജയ്‍യെ കാണണമെന്ന് പല അഭിമുഖങ്ങളിലും വരുണ്‍ ചക്രവര്‍ത്തി പറഞ്ഞിരുന്നു. കാണാൻ ആഗ്രഹിക്കുന്നതായി വിജയ്‌യുടെ മാനേജറെയും വരുണ്‍ അറിയിച്ചു. അങ്ങനെയാണ് വരുണിനെ കാണാൻ വിജയ് അവസരമൊരുക്കിയത്.

അതേസമയം, ‘കൈതി’ക്ക് ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.

Read More: എങ്ങോട്ട് തിരിഞ്ഞാലും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; അത്ഭുതമായി ഒരു ബിൽഡിങ്

മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് ചിത്രീകരണം നടക്കുന്നത്. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.

Story highlights- Varun Chakravarthy meets actor Vijay