ഇന്ദ്രജിത്തിനൊപ്പം വിജയ് സേതുപതിയും; 19 (1)(എ) ഒരുങ്ങുന്നു

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇന്ദ്രജിത്തിനും നിത്യ മേനോനുമൊപ്പം താരം അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടു.’ 19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ഇന്ദു വി എസ് ആണ് ഒരുക്കിയിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു വി എസ്.

ഒക്ടോബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന.

Read also:തണ്ണിമത്തൻ തുളയ്ക്കാൻ കടലാസ്; ഗിന്നസ് റെക്കോഡ്‌സിൽ ഇടംനേടി യുവാവ്, ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി വീഡിയോ

മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ചിത്രത്തിൽ ജയറാമിനൊപ്പമാണ് വിജയ് സേതുപതി അഭിനയിച്ചത്. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അതിനാൽ ഇന്ദ്രജിത്തിനൊപ്പം വിജയ് സേതുപതി എത്തുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Story Highlights: vijay sethupathi and indrajith movie titled19-1-a