തെരഞ്ഞെടുപ്പിന് വാശിയേകാൻ ‘മെമ്പർ രമേശനും’ കൂട്ടരും എത്തുന്നു; അർജുൻ അശോകൻ ചിത്രം ഉടൻ

വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു അർജുൻ അശോകൻ. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മെമ്പർ രമേശൻ 9-ാം വാർഡ്’. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റേതായി പുറത്തുവരുന്ന പോസ്റ്ററുകൾ. ‘കേരളത്തിൽ വാശിയേറിയ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ് ..!! തെരഞ്ഞെടുപ്പിന് വാശിയേകാൻ മെമ്പർ രമേശനും കൂട്ടരും വരുന്നു’ എന്ന ക്യാപ്‌ഷനോടെ പുറത്തുവരുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

‘മെമ്പർ രമേശൻ 9-ാം വാർഡ്’ സംവിധാനം ചെയ്യുന്നത് ആൻറോ ജോസ് പെരിയ, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ്. ബോബൻ ആൻഡ് മോളി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, ശബരീഷ് വർമ്മ, സാബുമോൻ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: ‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതിന് പുറമെ താരത്തിന്റേതായി നിരവധി ചിത്രങ്ങളും വെള്ളിത്തിരയിൽ ഒരുങ്ങുന്നുണ്ട്.

അർജുൻ അശോകൻ, അന്ന ബെൻ, മധുബാല തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എന്നിട്ട് അവസാനം’. വികൃതിയ്ക്ക് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിട്ട് അവസാനം. എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു പാപ്പച്ചൻ ഒരുക്കുന്ന ‘അജഗജാന്തരം’ എന്ന ചിത്രത്തിലും അർജുൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊവിഡ് കാലത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘വോൾഫ്’. ചിത്രത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. അച്ഛനെ പോലെത്തന്നെ വെള്ളിത്തിരയിൽ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും.

Story Highlights: arjun ashokan new film member rameshan 9th ward