ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. എറണാകുളത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

Read also: ‘ജാതിക്കാത്തോട്ടത്തിലെ എജ്ജാതി’ പാട്ടൊരുക്കിയവര്‍ ലാല്‍ ജോസിന്റെ സിനിമയിലും ഒരുമിച്ചെത്തുന്നു

പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്. 

Story Highlights:Kanakam Kamini Kalaham Shooting Completed