ലെഫ്റ്റനന്റ് റാമായി ദുൽഖർ സൽമാൻ; നായികയായി പൂജ ഹെഗ്‌ഡെ

 ‘മഹാനടി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത തെലുങ്ക് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുൽഖർ സൽമാൻ. ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി നടി പൂജ ഹെഗ്‌ഡെ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ആണ്ടാള രാക്ഷസി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഹന്ന രാഘവപുടി സംവിധാനം ചെയ്യുന്ന ത്രിഭാഷാ ചിത്രമാണിത്.

‘അല വൈകുണ്ഠപുരമുലു’ പുറത്തിറങ്ങിയതുമുതൽ വളരെയധികം ആരാധകരുള്ള നായികയാണ് പൂജ ഹെഗ്‌ഡെ. 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാധേ ശ്യാം എന്ന ചിത്രത്തിലാണ് പൂജ പ്രഭാസിന്റെ നായികയായി ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

1964ൽ കൊടുമ്പിരികൊണ്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മൊട്ടിട്ട ഒരു പ്രണയമാണ് ചിത്രം പറയുന്നത്. ഒരേസമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ‘മഹാനടി’ക്ക് ശേഷം വീണ്ടും വൈജയന്തി മൂവീസ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാനുമായി ഒന്നിക്കുകയാണ്.

Read More: ’18 പേജസ്’ ചിത്രീകരണ തിരക്കിലേക്ക് ചേക്കേറി അനുപമ പരമേശ്വരൻ

സ്വപ്ന സിനിമാസിന്റെ ബാനറിൽ പ്രിയങ്ക ദത്ത് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഹന്നു രാഘവപുടിയാണ്. ‘മഹാനടി’ എന്ന ചിത്രത്തിൽ കീർത്തി സുരേഷിന്റെ നായകനായി അഭിനയിച്ച ദുൽഖർ തെലുങ്ക് സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Story highlights- Pooja Hegde to romance Dulquer Salmaan in tri-lingual film