‘ദളപതി 65’ ഒരുങ്ങുന്നു; വിജയ്‌യുടെ നായികയായി പൂജ ഹെഗ്‌ഡെ

March 25, 2021

ലോക്ക് ഡൗൺ സമയത്ത് അടച്ചുപൂട്ടിയ തിയേറ്ററുകൾക്ക് ജീവൻ വെച്ചത് മാസ്റ്റർ പൊങ്കൽ റിലീസായി എത്തിയതോടെയാണ്. പിന്നാലെ ഒട്ടേറെ ചിത്രങ്ങൾ തിയേറ്ററിലേക്ക് എത്തി. വിജയ്‌യെ നായകനാക്കിയും വിജയ് സേതുപതിയെ പ്രതിനായകനാക്കിയും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാസ്റ്റർ. സിനിമയുടെ വിജയത്തിന് ശേഷം അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇളയദളപതി വിജയ്.

നെൽസൺ ദിലീപ്കുമാറിനൊപ്പമാണ് വിജയ്‌യുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത്. ദളപതി 65 എന്ന് താൽകാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിലൂടെ ഒൻപതുവർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് മടങ്ങിയെത്തുകയാണ് പൂജ.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. അതേസമയം, ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്റെ ആദ്യ ചിത്രമായ ശിവകാർത്തികേയൻ അഭിനയിച്ച ‘ഡോക്ടർ’ റിലീസിനായി കാത്തിരിക്കുകയാണ്, ഈ വർഷം റംസാൻ മാസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: എൻജോയ് എൻജാമിയ്ക്ക് ചുവടുവെച്ച് പക്രുവിന്റെ മകൾ- ക്യൂട്ട് വീഡിയോ

അതേസമയം, ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്താനുള്ള ഒരുക്കത്തിലാണ് പൂജ ഹെഗ്‌ഡെ. ‘അല വൈകുണ്ഠപുരമുലു’ പുറത്തിറങ്ങിയതുമുതൽ വളരെയധികം ആരാധകരുള്ള നായികയാണ് പൂജ ഹെഗ്‌ഡെ. 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാധേ ശ്യാം എന്ന ചിത്രത്തിലാണ് പൂജ പ്രഭാസിന്റെ നായികയായി ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

Story highlights- pooja Hegde to star opposite Vijay