പടവെട്ട് ഡബ്ബിങ് പുരോഗമിക്കുന്നു; വര്‍ക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

The Sound of Padavettu video

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

മലബാറിലെ മാലൂര്‍ ഗ്രമാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നിലവില്‍ കൊച്ചിയില്‍ പടവെട്ടിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവായ സണ്ണി വെയ്ന്‍ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് ഒരു വര്‍ക്കിംഗ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സാധാരണക്കാരായ ഒരു കൂട്ടം നാട്ടുകാര്‍ തങ്ങളുടെ ഡബ്ബിങ് പൂര്‍ത്തീകരിച്ച ശേഷം സണ്ണി വെയ്നും നിവിന്‍ പോളിക്കും ആശംസകളും തങ്ങളുടെ സന്തോഷവും പങ്കുവെയ്ക്കുന്നു ഈ വീഡിയോയില്‍. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളോടൊപ്പം ഒരു നാട് മുഴുവന്‍ ഭഗമാകുന്നുണ്ട്. സ്ഥിരപരിചിതമല്ലാത്ത സമീപനങ്ങളിലൂടെ ഒരു നാടിനെമൊത്തം സിനിമയോട് ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമമാണ് പടവെട്ട് എന്നും സംവിധായകന്‍ ലിജു കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു.

സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമ കൂടിയാണ് പടവെട്ട്. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നതും. അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ അദിതി ബാലനാണ് ചിത്രത്തിലെ നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: The Sound of Padavettu video