85 കിലോയുള്ള ഈ പത്ത് വയസ്സുകാരന്‍ സുമോ ഗുസ്തിയിലെ താരം

10-year-old Kyuta Kumagai an 85-kilo sumo wrestler

സുമോ ഗുസ്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമാണ് പലര്‍ക്കും. ഭീമന്‍ ശരീരവുമായി പ്രത്യക്ഷപ്പെടുന്ന സുമോ ഗുസ്തിക്കാരും കൗതുകം നിറയ്ക്കാറുണ്ട് പലപ്പോഴും. ജപ്പാനാണ് സുമോ ഗുസ്തിക്ക് പ്രശസ്തമായ ഇടം. ജപ്പാനില്‍ ഒരു കുഞ്ഞു സുമോ ഗുസ്തിക്കാരനുണ്ട്.

പേര് ക്യൂട്ടാ കുമഗായി. പ്രായത്തിന്റെ കാര്യത്തിലാണ് ആള് കുഞ്ഞ്. എന്നാല്‍ ശക്തിയുടെ കാര്യത്തില്‍ ക്യൂട്ടാ കുമഗായി അത്ര നിസ്സാരക്കാരനല്ല. പത്ത് വയസ്സു പ്രായമുള്ള ഈ ഗുസ്തിക്കാരന്റെ തൂക്കം എണ്‍പത്തിയഞ്ച് കിലോഗ്രാമാണ്.

ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു സുമോ ഗുസ്തിക്കാരനാവുക എന്നതാണ് ക്യൂട്ടാ കുമഗായിയുടെ ആഗ്രഹം. അതുകൊണ്ടുതന്നെ സുമോ ഗുസ്തിയില്‍ ഈ മിടുക്കന്‍ മികച്ച പരിശീലനവും നേടുന്നു. ആഴ്ചയില്‍ ആറ് ദിവസവും പരിശീലനം നേടുന്നുണ്ട്. പരീശലകനാകട്ടെ ക്യൂട്ടാ കുമഗായിയുടെ അച്ഛനും.

Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’

തന്നേക്കാള്‍ അഞ്ചും ആറും വരെ വയസ്സ് കൂടുതലുള്ളവരെ നിഷ്പ്രയാസം സുമോ ഗുസ്തിയില്‍ പരാജയപ്പെടുത്താറുണ്ട് ക്യൂട്ടാ കുമഗായി. അണ്ടര്‍ ടെന്‍ ചാമ്പ്യനായ ക്യൂട്ടാ ചെറുപ്രായത്തില്‍ തന്നെ സുമോ ഗുസ്തിക്കൊപ്പം ഓട്ടത്തിലും നീന്തലിലുമൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് ശരീര ഭാരം ഇരുപത് കിലോ കൂടി വര്‍ധിപ്പിക്കണമെന്നാണ് ക്യൂട്ടായുടെ ആഗ്രഹം.

ജപ്പാന്റെ ദേശീയ കായികവിനോദമാണ് സുമോ ഗുസ്തി. സാധാരണ രണ്ട് പേര്‍ തമ്മിലാണ് മത്സരം നടക്കുന്നത്. എതിരാളിയെ മലര്‍ത്തിയടിക്കുകയോ അല്ലെങ്കില്‍ മത്സരം നടക്കുന്ന പ്രത്യേക വലയത്തില്‍ നിന്നും പുറത്താക്കുകയോ വേണം. അസാധാരണ വലുപ്പമുള്ളവരാണ് പലപ്പോഴും സുമോ ഗുസ്തിയില്‍ പങ്കെടുക്കുന്നത്.

Story highlights: 10-year-old Kyuta Kumagai an 85-kilo sumo wrestler