ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘ഗോഡ്‌സെ’- തെലുങ്കിലേക്കും ചുവടുവെച്ച് പ്രിയതാരം

മലയാളത്തിലും തമിഴിലും മികവ് തെളിയിച്ച നടി ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്കും ചേക്കേറുകയാണ്. ‘ഗോഡ്‌സെ’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറയ്ക്കുന്നതായി ഐശ്വര്യ ലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. ‘ഗോഡ്‌സെ’യിൽ സത്യദേവാണ് നായകൻ.

ഐശ്വര്യ ലക്ഷ്മിക്ക് ഹൃദ്യമായ സ്വാഗതമാണ് നടൻ സത്യദേവ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നൽകിയത്. ‘നിങ്ങളുടെ തെലുങ്ക് ചലച്ചിത്രമേഖലയിലെ വിജയകരമായ യാത്രയുടെ തുടക്കമാണിതെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നാണ് സത്യദേവ് കുറിക്കുന്നത്. സി കെ കല്യാൺ, സി കെ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭിയാണ്.

മോഡലായി കരിയർ ആരംഭിച്ച ഐശ്വര്യ ലക്ഷ്മി 2017ൽ റിലീസ് ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കിയത്. വരത്തൻ എന്ന ചിത്രത്തിലും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ബ്രദർസ് ഡേ എന്ന ചിത്രത്തിലാണ്.

Read More: കാളക്കൂറ്റനൊപ്പം കൊമ്പുകോർത്ത് കമൽഹാസൻ; വർഷങ്ങൾക്ക് ശേഷം ചർച്ചയായി വിരുമാണ്ടി, ശ്രദ്ധനേടി മേക്കിങ് വീഡിയോ

അതേസമയം, ഐശ്വര്യ ലക്ഷ്മി ഇപ്പോൾ ‘അർച്ചന 31 നോട്ട് ഔട്ട് ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’, കാർത്തിക് സുബ്ബരാജിന്റെ ‘ജഗമെ തന്തിരം’, മനു അശോകന്റെ ‘കാണെക്കാണെ’, നിർമ്മൽ സഹദേവിന്റെ ‘കുമാരി’ എന്നിവയാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- aiswarya lakshmi telugu debut godse