കണ്ടിറങ്ങിയിട്ടും മനസ്സിൽ നിന്ന് പോവാതെ ‘കുമാരി’; ഐശ്വര്യ ലക്ഷ്‌മിയുടെ ഫാന്റസി ഹൊറർ ചിത്രം അമ്പരപ്പിക്കുന്നു

October 29, 2022

വലിയ കൈയടിയാണ് ഇന്നലെ റിലീസ് ചെയ്‌ത ഐശ്വര്യ ലക്ഷ്‌മി ചിത്രം കുമാരിക്ക് ലഭിക്കുന്നത്. ഫാന്റസി ഹൊറർ ചിത്രം മികച്ച തിയേറ്റർ അനുഭവമാണ് നൽകുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഒരു മുത്തശ്ശിക്കഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ വലിയ പ്രശംസ നേടുമ്പോൾ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന താര നിരയും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകരും നിരൂപകരും ഒരേ പോലെ എടുത്തു പറയുന്നു.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്‌മിയുടെ പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്. നിഷ്‌കളങ്കയായ നാട്ടിൻപുറത്തുകാരി പെൺകുട്ടിയായി ആദ്യം കാണപ്പെടുന്ന താരം കഥയുടെ ഗതി മാറുന്നതിനനുസരിച്ച് കഥാപാത്രത്തിനുണ്ടാവുന്ന ഭാവമാറ്റങ്ങൾ ഏറെ മികവോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സുരഭി ലക്ഷ്‌മി ചിത്രത്തിൽ കാഴ്ച്ചവെയ്ക്കുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്‌തമായ തലങ്ങൾ കൈയടക്കത്തോടെ അവതരിപ്പിച്ച് ഷൈൻ ടോം ചാക്കോയും എപ്പോഴത്തെയും പോലെ കൈയടി നേടുന്നു.

ഏറെ കൈയടക്കത്തോടെ ചിത്രത്തെ അവതരിപ്പിച്ച സംവിധായകൻ നിർമൽ സഹദേവ് കുമാരിയിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിക്കുകയാണ്. പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണം എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് നിർമൽ സഹദേവ് മോഹൻലാൽ ചിത്രം ലൂസിഫറിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജിജു ജോൺ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും മോഷൻ പോസ്റ്ററുമൊക്കെ ഏറെ പ്രശംസ നേടിയിരുന്നു. പുരാണങ്ങളുടെ പശ്ചാത്തലമുള്ള വ്യത്യസ്‌തമായ ഒരു ഹൊറർ സിനിമ ഒരുക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത്.

Read More: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

സഹനിർമ്മാതാവ് കൂടിയായ ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ഡിസൈൻ ഓൾഡ് മംഗ്‌സ്.

Story Highlights: Kumari movie review