ഗർത്തത്തിൽ നിന്നും ലോറി കയറ്റാൻ ക്രെയിന് പകരം തുണയായത് നൂറുകണക്കിന് ആളുകൾ- ആവേശം പകരുന്ന വീഡിയോ

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ചെങ്കുത്തായ മലനിരകളിലൂടെ ചെറിയ വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ വളരെ പ്രയാസമാണ്. എന്നാൽ, ധാരാളം ചരക്കു ലോറികളും മറ്റും ഇതിലെ കടന്നു പോകാറുണ്ട്. ഒന്ന് ശ്രദ്ധ തെറ്റിയാൽ ഗർത്തത്തിലേക്ക് പതിക്കും. അത്രക്ക് അപകടകരമാണ് യാത്ര. ഇങ്ങനെ നാഗാലാൻഡിൽ അടുത്തിടെ ഒരു അപകടം സംഭവിച്ചു. ചെങ്കുത്തായ ഇറക്കത്തിലേക്ക് ലോറി റോഡിൽ നിന്നും പാളിയിറങ്ങി.

ഇഞ്ചി കയറ്റിക്കൊണ്ടുപോയ ലോറിയായിരുന്നു ഇത്. ഭാഗ്യവശാൽ അധികം താഴ്ചയുള്ള ഗർത്തമായിരുന്നില്ല എന്നതുകൊണ്ട് ഡ്രൈവറും ക്ളീനറും നിസാര പരിക്കോടെ രക്ഷപ്പെട്ടു. എന്നാൽ, ലോറി അവർ വിചാരിച്ചാൽ റോഡിലേക്ക് തിരിച്ചു കയറ്റാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല, ക്രെയിൻ കൊണ്ടുവന്ന് ലോറി വലിച്ചുയർത്താനുള്ള വീതി റോഡിനുമില്ല.

Read More: നദിക്കടിയിൽ ഒരുക്കിയ പാർക്കിങ് സ്‌പേസ്; അത്ഭുതമായി ഒരു കാഴ്‌ച, വീഡിയോ

എന്തൊക്കെ പ്രതിസന്ധി ഉണ്ടെങ്കിലും ഒത്തുപിടിച്ചാൽ മലയും പോരും എന്നാണല്ലോ. നാഗാലാൻഡിലെ നൂറോളം ആളുകൾ ഒത്തുകൂടി കയറുകൾ വിവിധ ഭാഗത്തേക്ക് കെട്ടി കൃത്യം ആളുകൾ പല വശത്തുമായി നിന്ന് ലോറി ആവേശത്തോടെ വലിച്ചു കയറ്റി. ആ കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒറ്റക്കെട്ടായി ഒരേ താളത്തിൽ അവർ ലോറി വലിച്ചുകയറ്റുന്ന കാഴ്ച ഇതിനകം 6.5 ലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്. 30,000-ൽ ഏറെ ലൈക്കുകളും, 6,000-ന് അടുത്ത് റീട്വീറ്റുകളും നേടി.

Story highlights- entire community pulls up a truck which fell off the road with ropes