നെയ്യാറ്റിൻകര ഗോപന് കെ ജി എഫ് വില്ലൻ; ആറാട്ടിലൂടെ രാമചന്ദ്ര രാജു മലയാളത്തിലേക്ക്

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആറാട്ട്’. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഇപ്പഴിതാ, ചിത്രത്തിലെ വില്ലന്റെ വിശേഷങ്ങളാണ് ചർച്ചയാകുന്നത്.

നെയ്യാറ്റിൻകര ഗോപന്റെ വില്ലനായി എത്തുന്നത് യാഷ് നായകനായി കന്നഡ സിനിമയിൽ ചരിത്രം രചിച്ച കെ ജി എഫ് സിനിമയിലെ വില്ലനാണ്. ഗരുഡ എന്ന കഥാപാത്രമായി വിറപ്പിച്ച രാമചന്ദ്ര രാജു ആറാട്ടിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതുകൊണ്ട് ചിത്രത്തിൽ മോഹൻലാലും രാമചന്ദ്ര രാജുവും ഏറ്റുമുട്ടുന്ന നിരവധി രംഗങ്ങളുണ്ടാകും.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ കൈകാര്യം ചെയ്യുന്ന എന്റർടെയ്നറായാണ് ആറാട്ട് എന്ന ചിത്രം ഒരുങ്ങുന്നത്. സിനിമയിൽ ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ എ എസ് ഓഫീസറുടെ വേഷത്തിൽ ശ്രദ്ധ ശ്രീനാഥാണ് എത്തുന്നത്. കോഹിനൂർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ മുൻപ് ശ്രദ്ധ വേഷമിട്ടിരുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് ഒരു ദൗത്യവുമായി യാത്ര ചെയ്യുന്ന മോഹൻലാലിൻറെ ഗോപൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ചിത്രീകരണം ആരംഭിച്ച ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി’ന് ഹൈദരാബാദിലും ഷൂട്ടിങ്ങുണ്ട്.

Read More:മരുഭൂമിയിലെ മണൽപ്പരപ്പിൽ പ്രത്യക്ഷപ്പെടുന്ന ജലാശയങ്ങൾ; ഇത് പ്രകൃതി ഒരുക്കുന്ന അത്ഭുതക്കാഴ്ച

മോഹൻലാൽ, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കൂടാതെ നെടുമുടി വേണു, സായികുമാർ, സിദ്ദിഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.വിപുലമായ ആക്ഷൻ രംഗങ്ങളുമായാണ് ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്.

Story highlights- k g f actor garuda in arattu movie