താരമായി മുഹമ്മദ് അസ്ഹറുദ്ദീൻ; മിന്നുന്ന നേട്ടത്തിന് പാരിതോഷികവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ

സയ്യിദ് മുഷ്‌താഖ് അലി ടി 20 ട്രോഫിയിൽ കേരളത്തിന് വേണ്ടി മുംബൈയ്ക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദന പ്രവാഹം. 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് വേണ്ടി മുംബൈയെ അടിയറവ് പറയിച്ച പ്രകടനമാണ് കാസർഗോഡുകാരൻ കാഴ്ചവെച്ചത്.

ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്‌സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നു. 37 പന്തിൽ നിന്നാണ് അസ്ഹറുദ്ദീൻ സെഞ്ചുറി നേടിയത്. സയ്യിദ് മുഷ്‌താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ, സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഒരു കേരളതാരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം അസഹ്റുദ്ദീന്റെ പേരിൽ കുറിക്കപ്പെട്ടു.

Read More: ഇതിഹാസങ്ങള്‍ക്കൊപ്പം; ആറാട്ട് ലൊക്കേഷന്‍ ചിത്രവുമായി ബി ഉണ്ണികൃഷ്ണന്‍

അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചു. 20 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീൻ, 37 പന്തിൽനിന്നാണ് 100 കടന്നത്. അതേസമയം, ഈ നേട്ടം അസ്ഹറുദ്ധീന് ഐ പി എല്ലിലേക്ക് വഴിയൊരുക്കുമെന്നാണ് സൂചന.

Story highlights- Kerala’s Mohammed Azharuddeen lights up Syed Mushtaq Ali Trophy with 37-ball ton