വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗർ’ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര വരവേൽപ്പ്

തെന്നിന്ത്യൻ യുവ സൂപ്പർ താരം വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയുന്ന ചിത്രമാണ് ലൈഗർ. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് തെലുങ്ക് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുന്നു. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ വിജയ് ദേവരക്കൊണ്ട എത്തുന്നത്. അർജുൻ റെഡ്‌ഡിയിലൂടെ താരമൂല്യം വർധിച്ച വിജയ് ദേവരക്കൊണ്ടയുടെ ഓരോ ചിത്രവും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അതേസമയം, തെലുങ്കിലെ ഹിറ്റ് സംവിധായകനായ പുരി ജഗന്നാഥ് ആദ്യമായി വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ചിത്രമാണ് ലൈഗർ. നിർമാതാവെന്ന നിലയിൽ കരൺ ജോഹറിന് പുറമെ മറ്റൊരു ബോളിവുഡ് സാന്നിധ്യവും ചിത്രത്തിലുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തുന്നത് ബോളിവുഡ് യുവ താരം അനന്യ പാണ്ഡേയാണ്. ആഘോഷത്തോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ ആരാധകർ വരവേറ്റത്.

Read More: ‘കാഴ്ച കുറഞ്ഞു, ശ്വാസ തടസവും അലട്ടി’- കൊവിഡ് സൃഷ്‌ടിച്ച ആരോഗ്യ പ്രശ്നങ്ങൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ

നടി രമ്യ കൃഷ്ണ ഒരു സുപ്രധാന വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു ശർമയാണ് ഛായാഗ്രാഹകൻ. കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്‌തയും നിർമ്മാണത്തിൽ പങ്കാളികളാകുന്നു. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിൽ ലൈഗർ പുറത്തിറങ്ങുന്നുണ്ട്.

Story highlights- liger first look poster