ചുവടുകളിൽ വിസ്മയം തീർത്ത് വിജയ് ദേവരക്കൊണ്ടയും അനന്യയും- ‘ലിഗർ’ ഗാനം ശ്രദ്ധേയമാകുന്നു

July 11, 2022

തെന്നിന്ത്യൻ യുവ സൂപ്പർ താരം വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയുന്ന ചിത്രമാണ് ലിഗർ. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ തെലുങ്ക് ചിത്രം നിർമിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ വിജയ് ദേവരക്കൊണ്ട എത്തുന്നത്. അർജുൻ റെഡ്‌ഡിയിലൂടെ താരമൂല്യം വർധിച്ച വിജയ് ദേവരക്കൊണ്ടയുടെ ഓരോ ചിത്രവും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അക്ടി പക്ടി എന്ന ആഘോഷഗാനമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വിജയ് ദേവരക്കൊണ്ടയും അനന്യ പാണ്ഡേയുമാണ് ഗാനരംഗത്തിൽ ചുവടുവയ്ക്കുന്നത്. തെലുങ്കിലെ ഹിറ്റ് സംവിധായകനായ പുരി ജഗന്നാഥ് ആദ്യമായി വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ചിത്രമാണ് ലിഗർ.

നിർമാതാവെന്ന നിലയിൽ കരൺ ജോഹറിന് പുറമെ മറ്റൊരു ബോളിവുഡ് സാന്നിധ്യവും ചിത്രത്തിലുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ നായികയായി എത്തുന്നത് ബോളിവുഡ് യുവ താരം അനന്യ പാണ്ഡേയാണ്.

നടി രമ്യ കൃഷ്ണ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലാണ് എത്തുന്നത്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു ശർമയാണ് ഛായാഗ്രാഹകൻ. കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്‌തയും നിർമ്മാണത്തിൽ പങ്കാളികളാകുന്നു. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിൽ ലിഗർ പുറത്തിറങ്ങുന്നുണ്ട്.

Read also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

തെന്നിന്ത്യൻ സിനിമ ലോകത്ത് പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരമായി മാറിക്കഴിഞ്ഞതാണ് വിജയ് ദേവരക്കൊണ്ട. കുറഞ്ഞ കാലയളവുകൊണ്ട് ഏറെ ആരാധകരെ നേടിയ താരം ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടാറുണ്ട്.

Story highlights- Akdi Pakdi Official Music Video from Liger