കലിപ്പ് മോഡ് മാറ്റി പ്രണയഭാവങ്ങളില്‍ മാസ്റ്റര്‍-ലെ വിജയ്: വീഡിയോ

വിജയ് പ്രധാന കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ചിത്രം ഈ മാസം 13 മുതല്‍ പ്രേക്ഷകരിലേക്കെത്തും. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഡയലോഗ് പ്രൊമോ. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ പ്രൊമോ വീഡിയോകളില്‍ നിറഞ്ഞു നിന്നത് ആക്ഷന്‍ രംഗങ്ങളായിരുന്നു. എന്നാല്‍ പുതിയ പ്രൊമോയില്‍ ഇളയദളപതിയുടെ പ്രണയഭാവങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്.

പ്രണയഭാവങ്ങളിലുള്ള വിജയ്-യും മാളവിക മേനോനുമാണ് ഡയലോഗ് പ്രൊമോയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

അതേസമയം പുതുമകളേറെയുള്ള ചിത്രമാണ് മാസ്റ്റര്‍ എന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ലീഷേകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയും മാസ്റ്ററില്‍ എത്തുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണം. വിജയ്-യും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.

Read more: ആക്ഷന്‍ രംഗങ്ങളുടെ മികവില്‍ ‘ഈശ്വരന്‍’ ട്രെയ്‌ലര്‍; ചിത്രം 14 മുതല്‍ തിയേറ്ററുകളില്‍

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സത്യന്‍ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights: Master Dialogue Promo Vijay and Malavika