മാസ്സാണ് ‘മാസ്റ്റര്‍’; അഭിനയമികവില്‍ വിജയമാവര്‍ത്തിച്ച് വിജയ്-യും വിജയ് സേതുപതിയും: റിവ്യൂ

January 13, 2021
Master Movie Review

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ആരാധകരെ നേടിയെടുത്ത തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ ഒരുമിയ്ക്കുന്ന ചിത്രം… പ്രഖ്യാപനം മുതല്‍ക്കേ മാസ്റ്റര്‍ എന്ന ചിത്രം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ച് സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു ചലച്ചിത്ര പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ കാര്യത്തില്‍. ഇരുവരുടേയും പകര്‍ന്നാട്ടും തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്.

കൊവിഡ് 19 മഹാമാരി മൂലം നാളുകളായി അടഞ്ഞുകിടന്ന തീയേറ്ററുകള്‍ വീണ്ടും സജീവമായി. മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ തിയേറ്ററുകളില്‍ സിനിമാ ആവേശം അലയടിക്കുകയാണ്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവും അഭിനയവിസ്മയങ്ങളായ വിജയ്-യുടേയും സേതുപതിയുടേയും കഥാപാത്രങ്ങളുടെ പൂര്‍ണതയും മാസ്റ്റര്‍ എന്ന ചിത്രത്തെ മാസ് ആക്കുന്നു. ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും മുന്‍പേ സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ ഒന്നുണ്ട്; ക്ലീഷേകള്‍ പരമാവധി ഒഴിവാക്കി, പുതുമകള്‍ കൊണ്ടുവന്നിട്ടുള്ള ചിത്രമാണ് മാസ്റ്റര്‍ എന്ന്. ഈ വാക്കുകള്‍ ശരിയാണെന്ന് ചിത്രം കണ്ടിറങ്ങുന്നവര്‍ പറയും. എന്നാല്‍ ഒരു വിജയ് ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ വേണ്ടുവോളം ചേര്‍ത്തിട്ടുമുണ്ട്. ഇതുതന്നെയാണ് മാസ്റ്ററിനെ മാസ് ആക്കുന്നതും.

ജോണ്‍ ദുരൈ എന്ന ജെഡിയെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്നത്. ഭവാനി എന്ന വില്ലന്‍ കഥാപാത്രത്തെ വിജയ് സേതുപതിയും അവതരിപ്പിയ്ക്കുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെഡിയും പാഠശാലയിലെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭവാനിയും തമ്മിലുള്ള പോരാട്ടവും ഒടുവില്‍ തിന്മയം ചെറുത്ത് നന്മ കൈവരിക്കുന്ന വിജയവുമൊക്കെയാണ് മാസ്റ്ററിന്റെ കഥാപശ്ചാത്തലം. ഒപ്പം ബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ അലങ്കാരവുമെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

കഥാപാത്രങ്ങളുടെ അഭിനയമികവുതന്നെയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട സവിശേഷതകളില്‍ ഒന്ന്. രണ്ട് ഗെറ്റപ്പുകളിലെത്തുന്ന വിജയ്-യുടെ ഭാവപ്രകടനങ്ങളെല്ലാം ഏറെ ഗംഭീരം. പ്രത്യേകിച്ച് കഥപറഞ്ഞിരിക്കുന്ന മാസ്റ്റര്‍. കോളജുകളിലെ എല്ലാ സീനുകളും വിജയ് മനോഹരമാക്കി. ഇനി വിജയ് സേതുപതിയുടെ ഭവാനി എന്ന കഥാപാത്രത്തെക്കുറിച്ച്. ഭവാനിയുടെ ഒരു അലര്‍ച്ച പോലും പ്രേക്ഷകരുടെ കാതുകളില്‍ ഒരുപക്ഷെ ചിത്രം കണ്ടിറങ്ങിക്കഴിയുമ്പോഴും അലയടിച്ചേക്കാം. അത്രമേല്‍ തീവ്രമാക്കിയിട്ടുണ്ട് വിജയ് സേതുപതി തന്റെ കഥാപാത്രത്തെ. വില്ലത്തരങ്ങളുടെ എല്ലാം വില്ലനായി സേതുപതി എത്തുമ്പോള്‍ ആ പ്രകടനത്തിന് കൈയടിക്കാതിരിക്കാന്‍ ആവില്ല.

മാളവിക മോഹന്‍, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, ഗൗരി കിഷന്‍ തുടങ്ങി സ്‌ക്രീനിലെത്തിയ താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു. ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്ന ഗാനങ്ങളാണ് ചിത്രത്തിലെ മറ്റൊരു ആകര്‍ഷണം. അനുരുദ്ധ് രവിചന്ദര്‍ ഒരുക്കിയ സംഗീതത്തിന് കാലാന്തരങ്ങള്‍ക്കപ്പുറമെത്താനുള്ള കെല്‍പുണ്ട്. എന്തായാലും മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ പാകത്തിലുള്ള ചിത്രം തന്നെയാണ് മാസ്റ്റര്‍.

Story highlights: Master Movie Review