ശ്രദ്ധ നേടി ‘തരിയോട്’; അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനായി നിര്‍മല്‍ ബേബി വര്‍ഗീസ്

January 20, 2021
Nirmal Baby Varghese gets best director award

സെവന്‍ത് ആര്‍ട് ഇന്റിപെന്‍ഡന്റ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നിര്‍മല്‍ ബേബി വര്‍ഗീസിന്. തിരുവനന്തപുരത്തുവെച്ചു നടന്ന മേളയില്‍ മികച്ച ഡോക്യുമെന്ററി- ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരമാണ് നിര്‍മലിന് ലഭിച്ചത്. തരിയോട് എന്ന ഡോക്യുമെന്ററിയുടെ സംവിധാന മികവിനാണ് അംഗീകാരം.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയതാണ് തരിയോട് എന്ന ഡോക്യുമെന്ററി. വയനാടിന്റെ സ്വര്‍ണ ഖനന ചരിത്രമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം നിര്‍വഹിച്ചത്. ബ്രിട്ടീഷ് സംഗീത സംവിധായകനായ ഒവൈന്‍ ഹോസ്‌കിന്‍സ് പശ്ചാത്തലസംഗീതമൊരുക്കി.

Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’

അതേസമയം നിര്‍മല്‍ ബേബി വര്‍ഗീസിന്റെ സംവിധാനത്തില്‍ സിനിമയും ഒരുങ്ങുന്നുണ്ട്. വഴിയെ എന്നാണ് ചിത്രത്തിന്റെ പേര്. കാസര്‍ഗോഡ് ജില്ലയിലെ നിഗൂഢ വഴികളും കരിമ്പാറക്കെട്ടുകളുമൊക്കെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കും. ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതും. പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

‘വഴിയെ’ എന്ന ചിത്രത്തിന് ഹോളിവുഡ് സംഗീതജ്ഞന്‍ ഇവാന്‍ ഇവാന്‍സ് ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. അതേസമയം ഫൗണ്ട് ഫൂട്ടേജ് സംവിധാനം ഉപയോഗപ്പെടുത്തി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വഴിയെ എന്ന സിനിമയ്ക്കുണ്ട്.

Story highlights: Nirmal Baby Varghese gets best director award