‘മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട്, എന്റെ കല്യാണത്തിന്!’- ജയസൂര്യയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായിക

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് ജയസൂര്യ നായകനായ വെള്ളം. ചിത്രത്തിൽ അമിത മദ്യപാനിയുടെ വേഷത്തിലാണ് ജയസൂര്യ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ജീവിതത്തിൽ മദ്യപാനിയല്ലാത്ത ജയസൂര്യ അതീവ മികവോടെയാണ് വെള്ളത്തിൽ വേഷമിട്ടത്. അതുകൊണ്ടു തന്നെ പലർക്കും ജീവിതവുമായും ജീവിതത്തിലെ പല വ്യക്തികളുമായും ജയസൂര്യ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തെ ബന്ധപ്പെടുത്താൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ, സംവിധായികയായ രതീന ഷെർഷാദ് ജയസൂര്യയുടെ കഥാപാത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്.

രതീന ഷെർഷാദിന്റെ വാക്കുകൾ;

ജയസൂര്യ, സോറി നിങ്ങളുടെ മുരളിയെ ഞാൻ കണ്ടതേയില്ല! പക്ഷെ അതുപോലൊരാളെ എനിക്കറിയാം, എന്റെ കുടുംബത്തിൽ തന്നെ ഉണ്ടായിരുന്നു..അതേ രൂപം, അതേ നടത്തം, അതേ സംസാരം, അതേ ചിരി, അതേ അവസ്ഥ! മുഴുവൻ സമയവും മുരളിയെ പോലെ മൂപ്പരും വെള്ളത്തിൽ തന്നെയായിരുന്നു. എന്നെ വല്യ ഇഷ്ടാരുന്നു, എനിക്കും! കുടിച്ചു വീട്ടിൽ കയറരുതെന്നു പറയുമ്പോൾ പിന്നിലൂടെ വന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ ജനാലയിൽ വെച്ച് മാറി നിക്കും!

കളർ പെൻസിലുകൾക്കും ബ്രഷും പെയിന്റും, പുസ്തകങ്ങളും എഴുതി കൂട്ടാൻ കെട്ടുകണക്കിനു പേപ്പറുകളും കൂടെ മിഠായികളും പ്രിയപ്പെട്ട പലഹാരങ്ങളും! ഞാൻ വളർന്നു പോത്തു പോലെയായിട്ടും ആ സ്നേഹം അങ്ങനെ തന്നെ!
മുരളിയെ പോലെ എല്ലാർക്കും മൂപ്പര് കുടിയൻ..മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട്, എന്റെ കല്യാണത്തിന്!
പക്ഷെ മൂപ്പര് പോയി.. കുടിച്ചു കുടിച്ചു മരിച്ചു എന്ന് എല്ലാവരും ഇപ്പോഴുംപറയും !!!!! പ്രജീഷ് ഭായ്, ഒന്നും പറയാനില്ല! മുരളിയെപോലെ ഒരാൾ നമുക്കിടയിൽ ഉണ്ട്,സമൂഹത്തിനു മുന്നിൽ പരാജിതനായോ, പരാജയത്തിൽ നിന്ന് കരകയറിയോ അവർ എവിടെയൊക്കെയോ ഉണ്ട്!ഞാൻ കണ്ടിട്ടുണ്ട്.

Read More: ഉണ്ണി മുകുന്ദൻ എഴുതി ജ്യോത്സന ആലപിച്ച ഗാനം- ‘മരട് 357’ലെ ഹിന്ദി ഗാനം ശ്രദ്ധനേടുന്നു

മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്‍, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്.

Story highlights- ratheena shershad about jayasurya’s chanaracter in vellam movie