‘വെള്ളം’ ഷൂട്ടിംഗ് പൂർത്തിയായി; കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ

February 4, 2020

‘ക്യാപ്റ്റന്’ ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമായ ‘വെള്ള’ത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ഷൂട്ടിംഗ് അവസാനിപ്പിച്ചത്. ഷൂട്ടിംഗ് പൂർത്തിയായ വിവരം സംവിധായകൻ പ്രജേഷ് സെൻ തന്നെയാണ് പങ്കുവെച്ചത്.

പ്രജേഷ് സെൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ‘വെള്ള’ത്തിൽ കണ്ണൂർ സ്വദേശിയായ ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യക്കൊപ്പം മറ്റൊരു താരവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സംയുക്ത മേനോൻ ആണ് ചിത്രത്തിൽ ജയസൂര്യയുടെ നായികയായി എത്തുന്നത്.

ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു പി നായരും ജോൺ കുടിയാൻ മലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ഇടവേള ബാബു, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, നിർമൽ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്.

Read More: രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് തെന്നിന്ത്യൻ നായികമാർ

അതേസമയം, ജയസൂര്യ നായകനായ ‘അന്വേഷണം’ തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ഒരു മെഡിക്കൽ ത്രില്ലറാണ് ചിത്രം. ജയസൂര്യയും ശ്രുതി രാമചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.