ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് കളത്തില്‍; ആദ്യ മത്സരത്തില്‍ വിക്കറ്റ് നേട്ടവും

S Sreesanth come back in Cricket

വിലക്കിനു ശേഷം ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തിയിരിയ്ക്കുകയാണ് മലയാളി താരം എസ് ശ്രീശാന്ത്. ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റെടുത്ത് മടങ്ങി വരവ് ആഘോഷമാക്കുകയും ചെയ്തു താരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിലാണ് മികച്ച പ്രകടനം ശ്രീശാന്ത് പുറത്തെടുത്തത്. കേരളത്തിനു വേണ്ടി കളത്തിലിറങ്ങിയ ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു.

കേരളവും പുതുച്ചേരിയും തമ്മില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പുതുച്ചേരി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് എറിഞ്ഞു വീഴ്ത്തിയത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ശ്രീശാന്തിന്റെ മടങ്ങിവരവിന് ശേഷമുള്ള ആദ്യ അങ്കത്തിലെ നേട്ടം.

Read more: വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ കരച്ചില്‍ രസികന്‍ സംഗീതമായപ്പോള്‍; വേറിട്ട ആസ്വാദന അനുഭവം സമ്മാനിച്ച് ഒരു റീമിക്സ്

2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തില്‍പെടുന്നത്. ഐപിഎല്‍ ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിനായ് പത്ത് ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു ശ്രീശാന്തിനെതിരെ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്നാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുപ്രീംകോടതി താരത്തെ വെറുതെ വിട്ടു.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടേയും ഭാഗമായിരുന്നു ശ്രീശാന്ത്. 2007-ല്‍ ഇന്ത്യ ടി20യില്‍ ആദ്യമായി ലോകകപ്പ് നേടുമ്പോഴും 2011ല്‍ ഇന്ത്യ ഏക ദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്തിന്റെ സാന്നിധ്യമുണ്ടായിരുന്നു ടീമില്‍.

Story highlights: S Sreesanth come back in Cricket