ഞാന്‍ പല്ല് തേച്ചിട്ടില്ല മോളേ, ബ്രഷ് കിട്ടീട്ടില്ല്യാ…- മരുമകളെ ചിരിച്ചുകൊണ്ട് നോവിച്ച മഹത്തായ ഭാരതീയ അടുക്കളയിലെ അച്ഛന്‍

January 19, 2021
T Suresh Babu In The Great Indian Kitchen

മഹത്തായ ഭാരതീയ അടുക്കളയിലെ ആ അച്ഛന്‍ കഥാപാത്രത്തിന്റെ ആഴം ചെറുതല്ല. പറഞ്ഞുവരുന്നത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലെ അച്ഛന്‍ കഥാപാത്രത്തെക്കുറിച്ചാണ്. സുരാജിന്റെ അച്ഛനായും നിമിഷയുടെ അമ്മായിയച്ഛനായും സ്‌ക്രീനില്‍ നിറഞ്ഞാടിയ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത് ടി സുരേഷ് ബാബു എന്ന കലാകാരനാണ്. കാലവും ശീലങ്ങളും മാറിയെന്ന് പറയപ്പെടുമ്പോഴും പല അടുക്കളകളിലും ഇന്നും നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥ വരച്ചുകാട്ടുന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് ടി സുരേഷ് ബാബു കാഴ്ചവെച്ചത്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുരുഷമേധാവിത്വത്തിന്റെ ആള്‍രൂപമായി നിറഞ്ഞാടുകയായിരുന്നു അദ്ദേഹം. പലരുടേയും പ്രതിനിധിയായി ആ അച്ഛന്‍ കഥാപാത്രം സിനിമയില്‍മാറിയപ്പോള്‍ കൈയടി നേടിയത് ടി സുരേഷ് ബാബുവിന്റെ അഭിനയമികവാണ്. കോഴിക്കോട് സ്വദേശിയാണ് ടി സുരേഷ് ബാബു. നാടകരംഗത്തു നിന്നും സിനിമയിലെത്തിയ കലാകാരന്‍.

Read more: സ്ഫടികം പാട്ടിന് ഒരു മഞ്ജു വേർഷൻ; ഫ്‌ളവേഴ്സ് വേദിയിലെ ലാലേട്ടനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ

കാഴ്ചയില്‍ ശാന്തനാണ് ആ അച്ഛന്‍. എന്നാല്‍ ഉള്ളിലാകട്ടെ പേറിനടക്കുന്നത് ചില കൊടിയ വിഷചിന്തകളും. ഞാന്‍ പല്ല് തേച്ചിട്ടില്ല മോളോ, ബ്രഷ് കിട്ടീട്ടില്ല്യ എന്ന് പറയുന്ന ചോറ് മാത്രം അടുപ്പില്‍ വയ്ക്കണം എന്ന് പറയുന്ന വാഷിങ് മെഷീനില്‍ ഇട്ടാല്‍ തുണി പൊടിഞ്ഞ് പോവില്ലേ മോളേ, എന്റേത് അതില്‍ ഇടണ്ട എന്ന് പറയുന്ന ആ അമ്മായിയച്ഛനോട് കാഴ്ചക്കാരന് പേലും ദേഷ്യം തോന്നിയിട്ടുണ്ടാവണം. കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണ്ണതയിലെത്തിച്ച കലാകാരന് ആശംസകള്‍ക്കൊണ്ടും അഭിനന്ദനങ്ങള്‍ക്കൊണ്ടും നിറയുകയാണ് സൈബര്‍ഇടങ്ങള്‍ പോലും.

അടുക്കള എന്ന വിഷയത്തെ ഇത്രമനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സിനിമതന്നെ മലയാള ചലച്ചിത്രലോകത്ത് മുമ്പ് പിറന്നിട്ടില്ല. ജിയോ ബേബി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

Story highlights: T Suresh Babu In The Great Indian Kitchen