‘മേപ്പടിയാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി- ഉണ്ണി മുകുന്ദന് ആശംസയുമായി താരങ്ങൾ

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്ററിൽ ഉണ്ണി മുകുന്ദനൊപ്പം സൈജു കുറുപ്പ്, കോട്ടയം രമേഷ് എന്നിവരാണുള്ളത്.

ഉണ്ണി മുകുന്ദനൊപ്പം അഞ്ചു കുര്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ നിർമാണ സംരംഭത്തിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് താരങ്ങൾ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്.

പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ അജു വർഗീസ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.

മേപ്പടിയാൻ പൂർത്തിയാകും മുൻപ് തന്നെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ സംവിധാനം ചെയ്യുന്ന വിഷ്ണു മോഹൻ തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. ‘പപ്പ’ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

Read More: ‘സത്യം ഒന്നേ ഉള്ളു, അത് ജയിക്കും’; കൊമ്പുകോർത്ത് പൃഥ്വിരാജും സുരാജും- ജന ഗണ മന പ്രൊമോ വീഡിയോ

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന വൈശാഖ് ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം വൈശാഖ്- ഉണ്ണിമുകുന്ദൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ്‌ ലീ’. ഇരുവരും ഒന്നിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ കൊവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021-ലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Story highlights- unni mukundan meppadiyan first look