ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ക്രിസ് മേറിസ്

Chris Morris Becomes Most Expensive Buy In IPL History

ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) പതിനാലാം സീസണുവേണ്ടിയുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു ടീമുകള്‍. ഇതിന് മുന്നോടിയാണ് താരലേലവും. ദക്ഷിണാഫ്രിക്കന്‍ താരമായ ക്രിസ് മോറിസ് ആണ് താരലേലത്തില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആണ് ക്രിസ് മോറിസ്. നാല് ടീമുകള്‍ താരലേലത്തില്‍ ക്രിസ് മോറിസിനായി രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ വാശിയേറിയതായിരുന്നു ലേലവും. അടിസ്ഥാന വില 75 ലക്ഷമുള്ള താരം ലേലത്തില്‍ സ്വന്തമാക്കിയതാകട്ടെ 16.25 കോടി രൂപയും. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലേലതുകയാണ് ഇത്.

രാജസ്ഥാന്‍ റോയല്‍സ് ആണ് ക്രിസ് മോറിസിനെ സ്വന്തമാക്കിയിരിയ്ക്കുന്നത്. മുംബൈയും ബാഗ്ലൂരും പഞ്ചാബ് കിങ്‌സുമാണ് താരത്തിനുവേണ്ടി സജീവമായി രംഗത്തിറങ്ങിയ മറ്റ് ടീമുകള്‍. ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഉറച്ചു നിന്നതോടെ ക്രിസ് മോറിസിനെ ടീം സ്വന്തമാക്കുകയും ചെയ്തു.

ടി20 ക്രിക്കറ്റിലൂടെതന്നെ രാജ്യാന്ത്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ക്രിസ് മോറിസ്. 2012 മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമാണ് താരം. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയായിരുന്നു ക്രിസ് മോറിസിന്റെ ഐപിഎല്‍ രംഗത്തേയ്ക്കുള്ള ചുവടുവയ്പ്. പിന്നീട് 2015-ല്‍ താരം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഐപിഎല്ലില്‍ കളത്തിലിറങ്ങി. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ താരം കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനുവേണ്ടിയാണ് കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിലേയ്ക്കുള്ള ക്രിസ് മോറിസിന്റെ രണ്ടാം വരവുകൂടിയാണ് ഇത്.

Story highlights: Chris Morris Becomes Most Expensive Buy In IPL History