‘നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാവുന്നില്ല’- വിസ്മയക്ക് അഭിനന്ദനവുമായി സുപ്രിയ മേനോൻ

February 25, 2021

മോഹൻലാലിന്റെ മകൾ വിസ്മയ രചിച്ച ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ അനവധി പ്രമുഖരിൽ നിന്നും രാജ്യമെമ്പാടുമുള്ള വായനക്കാരിൽ നിന്നും പുസ്തകത്തിന് പ്രശംസ ലഭിച്ചിരുന്നു. അമിതാഭ് ബച്ചന് പുറമെ നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോനും അഭിനന്ദനം അറിയിക്കുകയാണ്.

പുസ്തകത്തെക്കുറിച്ചും വിസ്മയയെക്കുറിച്ചും സുപ്രിയ ഹൃദ്യമായൊരു കുറിപ്പ് പങ്കുവെച്ചു. ഇൻസ്റ്റാഗ്രാം പേജിലൂടെ വിസ്മയക്കും പ്രണവിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പുസ്തകത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. ഇത്രയും ചെറുപ്പത്തിൽ തന്നെ എഴുത്തുകാരിയായ വിസ്മയയെ അഭിനന്ദിച്ചാണ് സുപ്രിയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘എന്നെ സംബന്ധിച്ച് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് സ്പർശിക്കുന്നതും തെളിമയാർന്നതുമായ തരത്തിലുള്ള ഒരു യുവ എഴുത്തുകാരിയുടെ മുതിർന്ന അന്തരാത്മാവിന്റെ ആവിഷ്കാരമാണ്. കുറച്ച് തവണയെ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ, പക്ഷേ സ്വന്തം മനസ്സറിയുന്ന, സ്വന്തം ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ ഒരു പെൺകുട്ടിയെന്ന നിലയിൽ ഞങ്ങളെ നീ ഇംപ്രസ് ചെയ്തിരുന്നു. പ്രശസ്ത വ്യക്തിത്വങ്ങളായ, മോഹൻലാലിനെയും സുചിത്രയെയും പോലുള്ള ബ്രില്യന്റ് ആയ മാതാപിതാക്കളുണ്ടായിരിക്കെ, അതത്ര എളുപ്പമല്ല. പക്ഷേ നീ സ്വന്തം പാത കെട്ടിപ്പടുക്കുന്നത് കാണുമ്പോൾ അഭിമാനിക്കാതിരിക്കാനാവുന്നില്ല. ചിലതിന്റെ ക്രെഡിറ്റ് കുടുംബമെന്ന നിലയിൽ സ്നേഹിക്കുകയും അറിയുകയും ചെയ്ത അത്ഭുതകരമായ മാതാപിതാക്കൾക്ക് ലഭിക്കും. ഇത്രയും അത്ഭുതകരമായി നിൽക്കുന്ന കുട്ടികളെ വളർത്തിയതിൽ സുചിത്രയ്ക്ക് വലിയ അഭിനന്ദനങ്ങൾ. പോകൂ, ആ സ്‌പോട്‌ലൈറ്റിൽ നിൽക്കൂ മായാ. ഈ ലോകം സ്റ്റാർഡസ്റ്റുകളുടെ ഗ്രെയിനുകളാൽ നിർമിക്കപ്പെട്ടതാണ്. ഒപ്പം സ്‌പോട്‌ലൈറ്റുകൾ നിങ്ങളിലാണ്. ഇതാണ് നമ്മളെക്കുറിച്ച് മനസ്സിൽ വരുന്ന ചിത്രം. ആ കൈയെഴുത്ത് നോട്ടിന് നന്ദി’- സുപ്രിയയുടെ വാക്കുകൾ.

Read More: ഗംഗുബായിയായി ആലിയ ഭട്ട്; ശ്രദ്ധനേടി ‘ഗംഗുബായ് കത്തിയവാഡി’ ടീസർ

വിസ്മയയുടെ കവിതകളും ചിത്രങ്ങളും അടങ്ങുന്നതാണ് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’. ഒരു അച്ഛനെന്ന നിലയിൽ അഭിമാനം എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ പുസ്തകം പരിചയപ്പെടുത്തിയത്. ‘ഫെബ്രുവരി 14 ന് എന്റെ മകളുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുസ്തകം പുറത്തിറങ്ങുന്നത് ഒരു പിതാവെന്ന നിലയിൽ എനിക്ക് അഭിമാനകരമായ നിമിഷമാണ്’- മോഹൻലാലിൻറെ വാക്കുകൾ. പെന്‍ഗ്വിന്‍ ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.

Story highlights- Supriya Menon Shares A Special Message For Mohanlal’s Daughter Vismaya’s Book