അഹാന മനോഹരമായി പാടി ‘അലരേ നീയെന്നിലെ…’; വീഡിയോ

March 1, 2021
Ahaana Krishna Singing Alare Song

അഭിനയ വിശേഷങ്ങള്‍ക്കൊപ്പം പലപ്പോഴും വീട്ടുവിശേഷങ്ങളും പാട്ടുവിശേഷങ്ങളുമെല്ലാം ചലച്ചിത്രതാരം അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ വീണ്ടുമൊരു പാട്ട് മനോഹരമായി ആലപിച്ച് അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നു. കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്കെത്തിയ അലരേ നീയെന്നിലേ… എന്ന ഗാനമാണ് താരം ആലപിച്ചിരിയ്ക്കുന്നത്.

Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ സംഗീതത്തില്‍ പിറന്ന പ്രണയഗാനം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശബരീഷിന്റേതാണ് ഗാനത്തിലെ വരികള്‍. ആര്യന്‍, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കു വേണ്ടി ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.

അതേസമയം അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്‍വഹിയ്ക്കുന്നതും. അര്‍ജുന്‍ അശോകന് പുറമെ ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ശബരീഷ് വര്‍മ്മ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Ahaana Krishna Singing Alare Song