‘താമസമെന്തേ വരുവാൻ’; സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ബാബുക്കയ്ക്ക് ഇന്ന് നൂറാം പിറന്നാൾ…

March 9, 2021
baburaj

സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തുന്ന ബാബുക്കയുടെ ഗാനങ്ങളോട് ഒരിക്കലും അവസാനിക്കാത്ത പ്രണയമാണ് മലയാളികൾക്ക്. പതിറ്റാണ്ടുകളോളം ശോഭ ചോരാതെ സംഗീത പ്രേമികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അത്ഭുത കലാകാരൻ എം എസ് ബാബുരാജ് (ബാബുക്ക)ന് ഇന്ന് നൂറാം പിറന്നാൾ.

മുഹമ്മദ് സബീർ ബാബുരാജ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ബംഗാളിയും സംഗീത പണ്ഡിതനുമായിരുന്ന ജാൻ മുഹമ്മദ് സാബിർ ബാബു ആണ് അദ്ദേഹത്തിന്റെ പിതാവ്. അമ്മ കോഴിക്കോട് ആക്കോട് സ്വദേശിനി ഫാത്തിമ. ചെറുപ്പത്തിലേ തന്നെ മാതാപിതാക്കൾ മരിച്ച ബാബുരാജും സഹോദരനും വിശപ്പടക്കാൻ ട്രെയിനിലും തെരുവുകളിലും പാട്ടുപാടി ഉപജീവനം തേടിയിരുന്നു. അക്കാലത്താണ് കോഴിക്കോട് വച്ച് കുഞ്ഞ്മുഹമമദ് എന്ന കലാസ്നേഹിയായ പൊലീസുകാരൻ ബാബുരാജിനെ കണ്ടെത്തുന്നത്. സംഗീതകാരൻ ജാൻ മുഹമ്മദിൻറെ മകനാണ് തനിക്കു മുമ്പിലിരുന്നു പാടുന്ന ബാലഗായകൻ എന്നറിഞ്ഞ കുഞ്ഞുമുഹമ്മദ് ആ അനാഥ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. 

Read also:‘ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ അഭിനേതാവും മികച്ച സംവിധായകനും’-പൃഥ്വിരാജിനെ പ്രശംസിച്ച് രവി കെ ചന്ദ്രൻ

നാടകങ്ങളുടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബാബുരാജ് പിന്നീട് ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്കും എത്തി. പി. ഭാസ്കരന്റെ തിരമാല എന്ന ചിത്രത്തിൽ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായിട്ടാണ് സിനിമയിൽ ആരംഭംകുറിയ്ക്കുന്നത്. രാമു കാര്യാട്ട്  സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകന്റെ വേഷമണിഞ്ഞത്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം മലയാള സിനിമാ സംഗീത ലോകത്ത്‌ ബാബുക്കയും അദ്ദേഹത്തിന്റെ ഗാനങ്ങളും നിറഞ്ഞുനിന്നു.

Read also:‘പിങ്ക്’ തെലുങ്കിൽ; അമിതാഭ് ബച്ചന്റെ വേഷത്തിൽ പവൻ കല്യാൺ- ശ്രദ്ധനേടി പോസ്റ്റർ

മലബാർ മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാള ചലച്ചിത്ര ഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. കോഴിക്കോടിന്റെ തെരുവുകളെ ഗസൽ മഴ നനയിച്ച ആ പാട്ടുകാരൻ 1978 ഒക്ടോബർ 7-നാണ് ഇനിയും ഒരുപാട് പാട്ടുകൾ ബാക്കിയാക്കി മറ്റൊരു ലോകത്തേക്ക് യാത്രയായത്.

Story Highlights:birth anniversary of legendary musician m s baburaj