‘ദൃശ്യം 2’ വിജയം ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും

March 6, 2021

ദൃശ്യം 2 സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഹോട്ടലിലാണ് വിജയാഘോഷം നടന്നത്. ഹോട്ടൽ ജീവനക്കാർക്കൊപ്പം വിജയം ആഘോഷിച്ച ചിത്രം മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതേസമയം, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർക്കൊപ്പം സംവിധായകൻ ജീത്തു ജോസഫ് മുൻപ് തന്നെ ദൃശ്യം 2 വിജയാഘോഷം നടത്തിയിരുന്നു.

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 ഫെബ്രുവരി 19 മുതൽ പ്രേക്ഷകരിലേക്ക് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്‍ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.

Read More: ആകാംഷയും ഭീതിയും നിറച്ച് ചുഴൽ ടീസർ

അതേസമയം, ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് തുടക്കമായി. നടന്‍ വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക. മീന, എസ്തര്‍, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. ദൃശ്യത്തിന്റെ ആദ്യ പതിപ്പും തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു. നടി ശ്രിപ്രിയയാണ് ദൃശ്യം തെലുങ്കിലേയ്ക്ക് റീമേയ്ക്ക് ചെയ്തപ്പോള്‍ സംവിധാനം നിര്‍വഹിച്ചത്.

Story highlights- drishyam 2 success celebration