‘എന്റെ ലക്കി സൂപ്പർസ്റ്റാർ..’-രജനികാന്തിനൊപ്പമുള്ള 32 വർഷം മുൻപുള്ള ചിത്രം പങ്കുവെച്ച് നദിയ മൊയ്തു

March 6, 2021

എൺപതുകളിൽ മലയാള സിനിമയുടെ പ്രിയ നായികയായിരുന്നു നദിയ മൊയ്തു. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നദിയ ആ സമയത്ത് വേഷമിട്ടിരുന്നു. വിവാഹശേഷം അഭിനയലോകത്തുനിന്നും അകന്നുനിന്ന നടി പിന്നീട് ജയം രവി നായകനായ എം കുമരൻ/ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. ഇപ്പോൾ സിനിമയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നദിയ മൊയ്തു. ആദ്യകാല സിനിമാ ഓർമ്മകൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള നദിയ ഇപ്പോഴിതാ, രജനികാന്തിനൊപ്പം വേഷമിട്ട ‘രാജാധി രാജ’ എന്ന ചിത്രത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്.

പഞ്ചു അരുണാചലത്തിന്റെ രചനയിൽ സുന്ദരരാജൻ സംവിധാനം ചെയ്ത ചിത്രമാണ് രാജാധി രാജ. ചിത്രം റിലീസ് ചെയ്തിട്ട് 32 വർഷം പൂർത്തിയാക്കിയ വേളയിലാണ് നദിയ സിനിമയുടെ ഓർമ്മകൾ പങ്കുവെച്ചത്. രജനികാന്തിനൊപ്പമുള്ള ചിത്രത്തിലെ രംഗങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാജാധി രാജയെക്കുറിച്ച് നദിയ കുറിച്ചിരിക്കുന്നത്. ‘ഇതിനോടകം 32 വർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സമയം പറക്കുമ്പോഴും ഓർമ്മകൾ എന്നന്നേക്കുമായി നിലനിൽക്കുന്നു. എന്റെ ലക്കി സൂപ്പർസ്റ്റാർ രജനികാന്ത് സാർ. ബ്ലോക്ക്ബസ്റ്റർ ചിത്രം രാജാധി രാജാ പുറത്തിറങ്ങിയിട്ട് 32 വർഷങ്ങൾ..’. ചിത്രത്തിൽ രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തിയത്.

Read More: ‘അരുവി’ ഹിന്ദിയിലേക്ക്; നായികയായി ഫാത്തിമ സന ​​ഷെയ്ഖ്

80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Story highlights- nadiya moithu about rajadhi raja movie