‘ഈ പതിനൊന്നുകാരൻ സിനിമയിൽ കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്’; ആറാം ക്ലാസ്സിലെ പത്രപരസ്യം പങ്കുവെച്ച് പക്രു

March 3, 2021

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ കലാകാരനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയകുമാർ. പരിമിതികളെ അതിജീവിച്ച് ഗിന്നസ് നിറുകയിൽ എത്തിയ പക്രു എന്നും എല്ലാവർക്കും ഒരു മാതൃകയാണ്. 34 വർഷങ്ങൾക്ക് മുൻപ് ജഗതി ശ്രീകുമാറിനൊപ്പം അമ്പിളി അമ്മാവൻ എന്ന ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് പക്രു അഭിനയ ലോകത്തേക്ക് ചുവടുവെച്ചത്. ഇപ്പോഴിതാ, ആദ്യ രണ്ടു ചിത്രങ്ങൾക്ക് ശേഷം പാത്രത്തിൽ നൽകിയ പരസത്യം പങ്കുവയ്ക്കുകയാണ് പക്രു.

‘അമ്പിളി അമ്മാവനിൽ പക്രു എന്ന കഥാപാത്രമായി രംഗത്തുവന്ന ആർ അജികുമാർ, കോട്ടയം ഒളശ്ശ സി എം എസ് ഹൈസ്‌കൂളിൽ ആറാം ക്‌ളാസിൽ പഠിക്കുന്നു. ഇതാ, സമയമായി എന്ന ചിത്രത്തിലെ ലോട്ടറിക്കാരനും ശ്രദ്ധേയമാണ്. കടയംപടി കാഥികൻ കമലാലയം രാധാകൃഷ്ണന്റെ മൂത്ത പുത്രനായ അജികുമാറിന് രണ്ടടിയോളമേ ഉയരമുള്ളു. കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി എന്നീ കലാരൂപങ്ങൾ വിവിധ സ്റ്റേജുകളിൽ അവതരിപ്പിച്ച് അംഗീകാരവും പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന റോളുകൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഈ പതിനൊന്നുകാരൻ സിനിമയിൽ കൂടുതൽ അവസരം ലഭിക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ്’- ഇതായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. രസകരമായ ഒരു ചിത്രവും പരസ്യത്തിനൊപ്പം നൽകിയിട്ടുണ്ട്.

Read More: സെക്കന്റ് ഷോ ഇല്ല: മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ റിലീസ് മാറ്റി

1984ൽ  ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയാണ് അജയകുമാർ എന്ന ഗിന്നസ് പക്രു സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. ഒരു മിമിക്രി കലാകാരനായി ആയിരത്തിലധികം സ്റ്റേജുകളിൽ പതിനെട്ടുവയസിനു മുൻപ് തന്നെ പ്രകടനം നടത്തിയിരുന്നു പക്രു. മിമിക്രി വേദിയിലൂടെയാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Story highlights- pakru sharing his first advertisement