ഏകദിനത്തില്‍ ആദ്യമായി 10,000 റണ്‍സ്; സച്ചിന്റെ റെക്കോര്‍ഡ് പിറന്നിട്ട് 20 വര്‍ഷം

March 31, 2021
Sachin became 1st batsman to reach 10,000 ODI runs 20th Anniversary

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് കരിയറില്‍ താരം കുറിച്ചിട്ടുള്ള റെക്കോര്‍ഡുകളും ഏറെ. ഇന്ന് മാര്‍ച്ച് 31 ന് സച്ചിന്റെ ഒരു അവിസ്മരണീയ റെക്കോര്‍ഡിന്റെ ഇരുപതാം പിറന്നാളാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡ് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പേരില്‍ പിറന്നത്.

2001 മാര്‍ച്ച് 31 ന് ഇന്‍ഡോറില്‍ വെച്ചു നടന്ന മത്സരത്തിലായിരുന്നു സച്ചിന്റെ നേട്ടം. ഓസ്‌ട്രേലിയയ്ക്ക് എതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സച്ചിന്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. 139 റണ്‍സാണ് ആ മത്സരത്തില്‍ സച്ചിന്‍ അടിച്ചെടുത്തത്.

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്‌മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെന്‍ഡുല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം.

തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994- ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്.

2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013- ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.

Story highlights: Sachin became 1st batsman to reach 10,000 ODI runs 20th Anniversary