ജോണ്‍സണ്‍മാഷിന്റെ സംഗീതത്തില്‍ പിറന്ന ആ സുന്ദരഗാനം വീണ്ടും; 28 വര്‍ഷങ്ങള്‍ക്ക് ശേഷം

Vazhthidunnitha Song re-mastered version in Thirike movie

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ കേട്ടുതുടങ്ങിയതാണ് വാഴ്ത്തുന്നിതാ സ്വര്‍ഗ്ഗനായകാ… എന്നു തുടങ്ങുന്ന ഗാനം. ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനം വീണ്ടും മലയാളികളിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ് തിരികെ എന്ന ചിത്രത്തിലൂടെ. ജോണ്‍സണ്‍മാഷിനോടുള്ള ആദരസൂചകമായാണ് പാട്ട് റീമാസ്റ്ററിങ് നടത്തി തിരികെയില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

സമാഗമം എന്ന ചിത്രത്തിനുവേണ്ടി ജോണ്‍സണ്‍ മാഷ് സംഗീതം പകര്‍ന്നതാണ് ഈ ഗാനം. എസ് ജാനകിയുടെ ആലാപനവും ഒഎന്‍വി കുറിപ്പിന്റെ വരികളുമെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. തിരികെ എന്ന ചിത്രത്തിലൂടെ ഈ ഗാനം വീണ്ടും പ്രേക്ഷകരിലേയ്‌ക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

Read more: ഇതാണ് മണ്ണിന്റെ മനുഷ്യൻ; കൊടുംതണുപ്പിലും കൃഷിയിടത്തിൽ പണിയെടുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

അതേസമയം ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഗോപികൃഷ്ണന്‍ മനക്കരുത്തുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് മലയാള സിനിമയില്‍ നായകനായെത്തുന്ന ചിത്രമാണ് തിരികെ. സിനിമാ ലോകത്തെ നായക സങ്കല്‍പങ്ങളെ പോലും പൊളിച്ചെഴുതുകയാണ് ഇരുപത്തിയൊന്ന് വയസ്സുകാരനായ ഗോപികൃഷ്ണന്‍ എന്ന നടന്‍. ഗോപികൃഷ്ണന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ് തിരികെ. അപൂര്‍വ്വമായ സഹോദര സ്നേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

ഗോപികൃഷ്ണ വര്‍മ, ജോര്‍ജ് കോര, ശാന്തി കൃഷ്ണ, ഗോപന്‍ മാങ്ങാട്ട്, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സംവിധായകരില്‍ ഒരാളായ ജോര്‍ജ് കോരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും. നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ അബ്രഹാം ജോസഫ് ദീപക് ദിലീപ് പവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Vazhthidunnitha Song re-mastered version in Thirike movie