ദുല്‍ഖറിന്റെ അതേ വികാരം: ദ് പ്രീസ്റ്റ് ടീസറിനെ പ്രശംസിച്ച് യുട്യൂബ് ഇന്ത്യയുടെ ട്വീറ്റ്

YouTube India shares Dulquer Salmaan's comment on The Priest movie

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ദ് പ്രീസ്റ്റ്. പ്രഖ്യാപനം മുതല്‍ക്കേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ചിത്രം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിരവധിപ്പേര്‍ ടീസറിനെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.

ടീസറിന് ദില്‍ഖര്‍ സല്‍മാനും കമന്റ് ചെയ്തു. ശ്രദ്ധ നേടുകയാണ് ദുല്‍ഖറിന്റെ കമന്റിന് യുട്യൂബ് ഇന്ത്യ നല്‍കിയ മറുപടി. ‘എന്തൊരു ടീസറാണിത്. എല്ലാവരേയും പോലെ ഞാനും ഈ ത്രില്ലര്‍ തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിയ്ക്കുന്നു. പ്രീസ്റ്റ് ടീമിന് ആശംസകള്‍’ എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. കഴിഞ്ഞ ദിവസം ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് യൂട്യൂബ് ഇന്ത്യ ‘അതേ വികാരം’ എന്ന ക്യാപ്ഷനും ട്വീറ്റ് ചെയ്തിരുന്നു.

Read more: ഉണ്ണി മുകുന്ദനെ പൊട്ടിച്ചിരിപ്പിച്ച് നെൽസന്റെ ‘ടീ-ഷർട്ട് കോമഡി’- രസകരമായ വീഡിയോ

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമാവുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Story highlights: YouTube India shares Dulquer Salmaan’s comment on The Priest movie