മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; ‘ചതുര്‍മുഖം’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍

April 8, 2021
ChathurMukham in theaters today onwards

പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ചതുര്‍മുഖം എന്ന ചിത്രത്തെ. ഇന്നു മുതലാണ് തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം. സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രം കൂടിയാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണെങ്കിലും ടെക്‌നോ ഹൊറര്‍ എന്ന സിനിമാ അനുഭവം അപൂര്‍വമാണ്. കാഴ്ചക്കാരില്‍ ഭീതി ജനിപ്പിയ്ക്കാന്‍ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും എല്ലാം ഉപയോഗപ്പെടുത്തുന്നു ടെക്നോ ഹൊറര്‍ ചിത്രങ്ങളില്‍. അതുകൊണ്ടുതന്നെ വേറിട്ട ആസ്വാദനം സമ്മാനിക്കുന്നു ചതുര്‍മുഖം എന്ന ചിത്രം.

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാലാമത്തെ മുഖമായി എത്തുന്നത് മൊബൈല്‍ ഫോണ്‍ ആണെന്നതാണ് ചതുര്‍മുഖത്തിന്റെ മറ്റൊരു കൗതുകം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറിന് മികച്ച സ്വീകര്യത ലഭിച്ചിരുന്നു. അതിഗംഭീരമായ ദൃശ്യമികവിലാണ് ട്രെയ്‌ലര്‍ പ്രേക്ഷകരിലേക്കെത്തിയത്.

Read more: ബുട്ട ബൊമ്മയ്ക്ക് ചുവടുവെച്ച് കുട്ടിത്താരം; ഇത് അല്ലു അര്‍ജുന് ഒരു ‘കട്ടഫാന്‍’ ഒരുക്കിയ പിറന്നാള്‍ സമ്മാനം

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: ChathurMukham in theaters today onwards