ആടുതോമയെ പിന്നില്‍ നിന്നും കുത്തിയ ‘തൊരപ്പന്‍ ബാസ്റ്റിനാണ്’ ജോജിയിലെ പനച്ചേല്‍ കുട്ടപ്പന്‍- ഗംഭീര പ്രകടനത്തിന് കൈയടി

PN Sunny as Panachel Kuttappan in Joji

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവയ്ക്കുന്നത്.

ചിത്രത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രം. ജോമോന്റേയും (ബാബുരാജ്) ജെയ്‌സന്റേയും (ജോജി മുണ്ടക്കയം) ജോജിയുടേയും (ഫഹദ് ഫാസില്‍) അപ്പനായെത്തിയ പനച്ചേല്‍ കുട്ടപ്പന്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അഭിനയമികവില്‍ അതിശയിപ്പിക്കുന്ന പ്രകടനം.

Read more: ഒരു രൂപയ്ക്ക് ഇഡ്ഡലി നല്‍കുന്ന കമലത്താള്‍ മുത്തശ്ശിയുടെ ഏറ്റവും വലിയ സ്വപ്‌നവും സഫലമായി

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകരിലേക്കെത്തിയ സ്ഫടികം എന്ന ചിത്രത്തിലെ തൊരപ്പന്‍ ബാസ്റ്റിന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന പി എന്‍ സണ്ണിയാണ് പനച്ചേല്‍ കുട്ടപ്പനായി ജോജിയില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം നിര്‍വഹിച്ച സ്ഫടികത്തിലും ഏറെ മികച്ചു നിന്നു പി എന്‍ സണ്ണിയുടെ പ്രകടനം. ആടുതോമയെ പിന്നില്‍ നിന്നും കുത്തിയ തൊരപ്പന്‍ ബാസ്റ്റിന്‍ ജോജിയില്‍ പനച്ചേല്‍ കുട്ടപ്പനായെത്തിയപ്പോഴും കൈയടി നേടുന്നു.

കോട്ടയം സ്വദേശിയാണ് പി എന്‍ സണ്ണി. കളരിയിലും ശരീര സൗന്ദര്യമത്സരങ്ങളിലുമൊക്കെ ശ്രദ്ധേയനായ ഇദ്ദേഹം കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥനായും സേവനം ചെയ്തു. ഇതിനിടെയാണ് സ്ഫടികത്തില്‍ അഭിനയിച്ചത്. ഹൈവേ, അനവര്‍, ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍, ഏദന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും വിവിധ കഥാപാത്രങ്ങള്‍ക്ക് പി എന്‍ സണ്ണി ജീവന്‍ പകര്‍ന്നു.

Story highlights: PN Sunny as Panachel Kuttappan in Joji